മൂവാറ്റുപുഴ: പത്രക്കെട്ടുകളെടുക്കാൻ പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. കരിങ്കുന്നം തെരുവക്കാട്ടിൽ പയസ് ജോസഫിന്റെയും കരിങ്കുന്നം പഞ്ചായത്ത് മെമ്പർ ബീന പയസിന്റെയും മകൻ ജോസഫാണ് (കുഞ്ഞായി-21) മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ അടൂപ്പറമ്പിലായിരുന്നു അപകടം.
മൂവാറ്റുപുഴയിൽനിന്ന് പത്രക്കെട്ടുകൾ എടുക്കാൻ പോയ ജോസഫ് ഓടിച്ചിരുന്ന മാരുതി ഓമ്നി വാനിൽ ലോറി ഇടിക്കുകയായിരുന്നു. വാൻ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ ജോസഫിനെ പുറത്തെടുത്തത്. തുടർന്ന് ഫയർഫോഴ്‌സ് ആംബുലൻസിൽ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം പിന്നീട്.