കൊച്ചി: കൊച്ചിയിലെ കൊതുകുപടയെ തുരത്താനുള്ള കോർപ്പറേഷന്റെ കമാൻഡോ പ്രവർത്തനം ഫെബ്രുവരിയിൽ ആരംഭിക്കും. സമ്പൂർണ കൊതുക് നശീകരണമാണ് നഗരസഭ ലക്ഷ്യമിടുന്നത്.
നഗരവാസികളുടെ മാസങ്ങളായുള്ള ആവശ്യപ്രകാരമാണ് പദ്ധതി. ഇതിനായി 150 കരാർ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പരസ്യം അടുത്ത ദിവസം മുതൽ നൽകും. അഭിമുഖം നടത്തി എത്രയും വേഗം പ്രവർത്തനം ആരംഭിക്കാനാണ് കോർപ്പറേഷന്റെ ശ്രമം. മുമ്പ് കൊതുക് നിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ള തൊഴിലാളികളെ നിയമിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. 45 വയസിന് താഴെയുള്ളവരെയാണ് നിയമിക്കുക. മുമ്പ് കോർപ്പറേഷനിൽ 350 ഓളം തൊഴിലാളികൾ കൊതുക് നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ഇവരെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പരിശീലനത്തിന്റെ ആവശ്യം വരില്ല.
കൊതുക് പെരുകുന്ന സാഹചര്യത്തിലാണ് എത്രയും വേഗം നിർമ്മാർജന പ്രവർത്തനങ്ങൾ ആരംഭിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് കൊതുക് നിവാരണം ആരംഭിക്കാൻ കോർപ്പറേഷൻ തീരുമാനമെടുത്തത്. നഗരത്തിൽ കൊതുക് നിവാരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം കൊതുക് ബാറ്റുകൊണ്ട് പ്രതിഷേധം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ അടക്കമുള്ള കൗൺസിലർമാർ കൊതുക് നിവാരണം വേഗത്തിലാക്കണമെന്ന് കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. കൗൺസിൽ തീരുമാനം വൈകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം വീണ്ടും രംഗത്തെത്തി.
മഴക്കാലത്തിന് മുമ്പ് ഓട നവീകരണം
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓടവൃത്തിയാക്കൽ പ്രവർത്തനങ്ങളും എത്രയും വേഗം ആരംഭിക്കും. ഇതിനായി അരലക്ഷം രൂപ ആദ്യ ഘട്ടത്തിൽ ഓരോ ഡിവിഷനും നൽകാൻ കൗൺസിലിൽ തീരുമാനമെടുത്തിരുന്നു. ഇടത്തോടുകളും ചെറിയ തോടുകളുമാണ് വൃത്തിയാക്കുക. മഴക്കാലത്തിന് മുമ്പായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യം.
ചെറുതോടുകളും ഓടകളും വൃത്തിയാക്കുന്നതോടെ മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാകും. സുഗമമായി വെള്ളം ഒഴികിപ്പോകും. ആറുമാസത്തോളം നീണ്ടുനിൽക്കുന്ന പ്രവർത്തനമാണ് നടപ്പാക്കുന്നത്. വാർഡ് തലകമ്മിറ്റി കൂടിയ ശേഷം എവിടെയൊക്കെ നവീകരിക്കണമെന്ന് തീരുമാനിക്കും. ഇതിനായി നഗരത്തിൽ 1300 ഓളം തൊഴിലാളികളാണുള്ളത്.