കൊച്ചി: ഇലക്ട്രിക് പോസ്റ്റുകളിലൂടെ ടെലിവിഷൻ, ബ്രോഡ്ബാൻഡ് കേബിളുകൾ വലിക്കുന്നതിന് മാനദണ്ഡങ്ങൾ മറികടന്ന് വാടക ഈടാക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. ജില്ലകളിലെ കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ സമരവും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ്, ജനറൽ സെക്രട്ടറി കെ.വി.രാജൻ, എക്സിക്യുട്ടീവ് ഡയറക്ടർ പി.എസ്.രജനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരേ കമ്പനിയുടെ ഒന്നിലധികം കേബിൾ വലിക്കുമ്പോൾ ഓരോ കേബിളിനും പ്രത്യേകം വാടക നൽകണമെന്നാണ് കെ.എസ്.ഇ.ബി നിലപാട്. ഇന്റർനെറ്റ് വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി പോസ്റ്റുകളുടെ വാടക 100 രൂപയായി നിജപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശമുണ്ട്. എന്നാൽ ഗ്രാമപ്രദേശത്ത് 145ഉം നഗരപരിധിയിൽ 300ഉം രൂപയാണ് കെ.എസ്.ഇ.ബി ഈടാക്കുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.