കൊച്ചി: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞവർഷം പിഴയായി ഈടാക്കിയത് 47.60 ലക്ഷം രൂപ. ആർ.ഡി.ഒ കോടതിയുടെ പിഴയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിശ്ചയിച്ച പിഴയും ഒഴികെയുള്ള തുകയാണിത്. 2023 ജനുവരി മുതൽ ഡിംസംബർവരെ വിവിധ കേസുകളിലായാണ് പിഴ ഈടാക്കിയത്.
ആർ.ഡി.ഒ കോടതിയിൽ 40 കേസുകളാണ് തീർപ്പുകല്പിച്ചത്. 241 കേസുകൾ പരിഗണനയിലുണ്ട്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ 238 കേസുകളും പരിഗണനയിലുണ്ട്. രണ്ടു കേസുകൾ തീർപ്പ് കൽപ്പിച്ചു. കഴിഞ്ഞവർഷം 782 ഷവർമ്മ കടകൾ പരിശോധിച്ചു. ഇതിൽനിന്ന് 10,15,000രൂപ പിഴഈടാക്കി. 86കടകൾ പൂട്ടുകയും 332കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. 443 മത്സ്യക്കടകളാണ് പരിശോധിച്ചത്. 2,10,000രൂപ പിഴഈടാക്കി. 6630കിലോമത്സ്യം നശിപ്പിച്ചു. 69കടകൾക്ക് നോട്ടീസും നൽകി.
ഹോസ്റ്റൽ
ജില്ലയിലെ ഹോസ്റ്റലുകളിൽ 149 പരിശോധനകളാണ് നടത്തിയത്. ലൈസൻസ് ഇല്ലാത്ത 73 ഹോസ്റ്റലുകൾ കണ്ടെത്തി. അപാകതകൾ കണ്ടെത്തിയ 22 ഹോസ്റ്റലുകൾക്ക് പിഴചുമത്തി. അപാകതകൾ പരിഹരിക്കാൻ 57 ഹോസ്റ്റലുകൾക്ക് നോട്ടീസും നൽകി.
ആകെ പരിശോധന- 10019
പൂട്ടിയകടകൾ- 437
ഈടാക്കിയ പിഴ- 47.60 ലക്ഷം
ആർ.ഡി.ഒ കോടതി പിഴ- 14.81 ലക്ഷം
കോടതി പിഴ- 50000