 
കൊച്ചി: സി.എം.പി പതിനൊന്നാം പാർട്ടി കോൺഗ്രസിലെ പ്രതിനിധി സമ്മേളനം എറണാകുളം ടൗൺ ഹാളിലെ എം.വി.ആർ നഗറിൽ ആരംഭിച്ചു. മുതിർന്ന നേതാവ് പി.ആർ.എൻ. നമ്പീശൻ രക്തപതാക ഉയർത്തി. ജനറൽ സെക്രട്ടറി സി.പി. ജോൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. തമ്പാൻ തോമസ്, സമീർ പുതുതുണ്ട, യോഗേന്ദ്ര യാദവ്, ചാന്ദിനി ചാറ്റർജി, സ്വാഗത സംഘം ജനറൽ കൺവീനർ എ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
അഡ്വ.എം.പി. സാജു, വികാസ് ചക്രപാണി, എ. നിസാർ, കാഞ്ചന മേച്ചേരി, സുധീഷ് കടന്നപ്പള്ളി, സി.കെ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ പ്രസീഡിയവും സംസ്ഥാന ഭാരവാഹികളായ സി.എ. അജീർ, കൃഷ്ണൻ കോട്ടുമല, പി.ആർ.എൻ. നമ്പീശൻ, വി.കെ. രവീന്ദ്രൻ, കെ. സുരേഷ് ബാബു. കെ.എ. കുര്യൻ. എന്നിവരുൾപ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 10 ന് ഗാന്ധിസ്മൃതിയിൽ 'മതേതര ഇന്ത്യ മതരാഷ്ട്രമാകുമോ" എന്ന വിഷയത്തിൽ സെമിനാർ നടക്കും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വി.കെ രവീന്ദ്രൻ വിഷയം അവതരിപ്പിക്കും. കെ. ചന്ദ്രൻപിള്ള, പ്രകാശ് ബാബു, പി.ആർ ശിവശങ്കരൻ, അഡ്വ. ജെബി മേത്തർ എം.പി., കെ. ഫ്രാൻസിസ് ജോർജ്, ജി. ദേവരാജൻ, എം.പി. സാജു എന്നിവർ സംസാരിക്കും. തുടർന്ന് ചർച്ചകൾക്ക് മറുപടിയും, പുതിയ സെൻട്രൽ കൗൺസിലിന്റെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പും നടക്കും.
രാഷ്ട്രദൈവങ്ങൾ ആവശ്യമില്ല: സി.പി. ജോൺ
പുതിയ കാലഘട്ടത്തിൽ ലോകത്തെവിടെയും മതരാഷ്ട്രങ്ങളും രാഷ്ട്രദൈവങ്ങളും അവശ്യമില്ലെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി. ജോൺ പറഞ്ഞു. തൊഴിലാളി വർഗത്തിന്റെ പാർട്ടിയാണ് തങ്ങളെന്ന് അവകാശപ്പെടുന്ന സി.പി.എം. നേതൃത്വം നൽകുന്ന പിണറായി വിജയൻ സർക്കാർ കേരളത്തിലെ എല്ലാ തൊഴിലാളി ക്ഷേമനിധികളെയും കൊന്നതായും ജോൺ പറഞ്ഞു.