ksrtc

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബ് മോഡൽ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവച്ചു. ആദ്യഘട്ടത്തിൽ 12 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ തറക്കല്ലിടൽ ഫെബ്രുവരി 24ന് നിർവഹിക്കും.

മന്ത്രി എം.ബി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. ആർ വേണു, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ വൈറ്റില മൊബിലിറ്റി ഹബ് എം.ഡി മാധവിക്കുട്ടി, സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി. നായർ, കെ.എസ്.ആർ.ടി.സി ജോയിന്റ് എം.ഡി പി.എസ്. പ്രമോജ് ശങ്കർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കാരിക്കാമുറിയിലെ ഭൂമിയിൽ കെ.എസ്.ആർ.ടി.സി. ആധുനികവത്കരണത്തിനു മുന്നോടിയായി മന്ത്രി പി. രാജിന്റെ നേതൃത്വത്തിൽ ജനുവരി 14ന് പദ്ധതി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

 മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃക

ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള,കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ നിർദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നൽകും. ഫുട്പാത്ത് ഭൂമി കെ.എസ്.ആർ.ടി.സി വിട്ടു നൽകും. അതിനു ശേഷം മണ്ണ് പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കും.