വൈപ്പിൻ: വൈപ്പിൻമണ്ഡലത്തിന്റെ വികസനത്തിനായി കിഫ്ബി ഫണ്ടിൽ അനുവദിച്ച പദ്ധതികൾ തുക നഷ്ടമാകാതെ യാഥാർത്ഥ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. കിഫ്ബി ഫണ്ടിൽ ഭരണാനുമതി ലഭിച്ച വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ നിർവഹണ ഏജൻസികളുടെ അവലോകന യോഗം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ കിഫ്ബി ആസ്ഥാനത്ത് വിളിച്ചു ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കടമക്കുടി പിഴല പാലം, വൈപ്പിൻ പള്ളിപ്പുറം സമാന്തര റോഡ്, വല്ലാർപാടം പനമ്പുകാട് റിംഗ് ബണ്ട് റോഡ്, വൈപ്പിൻ കോളേജ്, കടമക്കുടി ഗവ. വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ്, എളങ്കുന്നപ്പുഴ ഗവ. എച്ച്.എസ്.എസ്. തുടങ്ങിയ കിഫ്ബി വികസന പ്രവൃത്തികൾ നേരിടുന്ന സാങ്കേതികമായവ ഉൾപ്പെടെ തടസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. ഉന്നയിച്ച സബ്മിഷനു നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പിഴല കടമക്കുടി പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെ ആവശ്യം കിഫ്ബിയുടെ സജീവ പരിഗണയിലാണെന്ന് മന്ത്രി ബാലഗോപാൽ അറിയിച്ചു.
വൈപ്പിൻ കോളേജിന് കുറഞ്ഞത് 5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്ത് കിറ്റ്‌കോ ഡി.പി.ആർ. സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ കിഫ്ബിയുടെ അംഗീകാരം ലഭിക്കൂ. കടമക്കുടി ഗവ. വി.എച്ച്.എസ്.എസ്. ആൻഡ് എച്ച്.എസ്.എസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.29 കോടിയുടെ ധനാനുമതിയും സാങ്കേതികാനുമതിയും നൽകിയിട്ടുണ്ട്.

എളങ്കുന്നപ്പുഴ ഗവ. എച്ച്.എസ്.എസിന്റെ വികസനത്തിന് കില കഴിഞ്ഞ ഒക്ടോബറിൽ സമർപ്പിച്ച ഡി.പി.ആർ നിലവിൽ കിഫ്ബിയുടെ അവലോകനത്തിലാണ്.