കുറുപ്പംപടി : മുടക്കുഴതൃക്കയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള അഖില ഭാരത ഭാഗവത ദശാവതാര മഹാസത്രത്തിന് ഇന്ന് തുടക്കമാകും. സത്രത്തിൽ സ്ഥാപിക്കാനുള്ള വിഗ്രഹ ഘോഷയാത്ര ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് 4ന് തൃക്ക ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് 1008 കൃഷ്ണ വിഗ്രഹങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സത്ര വേദിയിലേക്ക് ആനയിക്കും. തുടർന്ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെമന പദ്മനാഭൻ നമ്പൂതിരിപ്പാട് ദീപം തെളിയിക്കും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപാട് ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിക്കും. സത്രം രക്ഷാധികാരികളായ ഗുരുവായൂർ മേൽശാന്തി എഴിക്കോട് ശശി നമ്പൂതിരിപ്പാട്, ശബരിമല മുൻ മേൽശാന്തി എ.ആർ. രാമൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ധ്വജ പ്രതിഷ്ഠ നടത്തും. അഡ്വ. ടി.ആർ. രാമനാഥൻ ഗ്രന്ഥ സമർപ്പണം നിർവഹിക്കും. തുടർന്ന് യജ്ഞാചാര്യൻ ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ഭാഗവത മാഹാത്മ്യം പ്രഭാഷണം നടത്തും. തുടർന്ന് അവതാര ദർശനവും നടക്കും. സാംസ്‌കാരിക സമ്മേളനം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറേമന പരമേശ്വരൻ നമ്പൂതിരിപ്പാട്, അങ്കമാലി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മോർ അഫ്രേം മെത്രാപോലിത്ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, സി.എസ്. രാധാകൃഷ്ണൻ, കെ.കെ. കർണൻ, എൻ.പി. നാരായണൻ നമ്പൂതിരി, പി.കെ. വേണു, ഡോളി ബാബു, എന്നിവർ സംസാരിച്ചു.