bijimol

#യാത്രക്കാരിക്ക് ഗുരുതര പരിക്ക്

നെടുമ്പാശേരി: പാറക്കടവ് പുളിയനം ബൗണ്ടറി റോഡിൽ കാറിടിപ്പിച്ച് വീഴ്ത്തി സ്കൂട്ടർ യാത്രക്കാരിയുടെ മാല പൊട്ടിച്ചു. റോഡിൽ വീണതിനെത്തുടർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. എളവൂർ പാലിപ്പുഴ പാത്താടൻവീട്ടിൽ അജയകുമാറിന്റെ ഭാര്യ ബിജിമോൾക്കാണ് (49)പരിക്കേറ്റത്. ഇന്നലെ പുലർച്ചെയാണ് സംഭവം.

ഭർത്താവിനെ അങ്കമാലിയിലെ ബസ് സ്റ്റാൻഡിൽ വിട്ടശേഷം തിരികെ വരികയായിരുന്ന ബിജിയുടെ സ്‌കൂട്ടറിലാണ് പിന്തുടർന്നെത്തിയ കാർ ഇടിപ്പിച്ചത്. സ്‌കൂട്ടർ സമീപത്തെ കനാലിലേക്കും ബിജി റോഡിലേക്കും വീണു. കാറിൽ നിന്നിറങ്ങിയ യുവാവ് സഹായിക്കാനെന്ന വ്യാജേന എഴുന്നേൽപ്പിക്കുകയും കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സ്വർണനിറമുള്ള കൊന്തമാലയാണെന്ന് മനസിലാക്കിയതോടെ അവിടെത്തന്നെ ഉപേക്ഷിച്ച് യുവാവ് കാറിൽ രക്ഷപ്പെട്ടു.


ബിജിയുടെ ഇരുകൈകൾക്കും കാലിനും ഗുരുതര പരിക്കുണ്ട്. ബിജിയുടെ നിലവിളി കേട്ടെത്തിയ പരിസരവാസികൾ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മൂന്ന് കിലോമീറ്ററോളം ബിജി സഞ്ചരിച്ച സ്‌കൂട്ടറിനെ പ്രധാന റോഡിലൂടെയും ഇടവഴികളിലൂടെയും കാർ പിന്തുടരുന്നത് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. വെള്ളനിറമുള്ള മാരുതി സെലേറിയോ ടാക്‌സിയാണ് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ളത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.