
കൊച്ചി: പ്രതിസന്ധികളിൽ തളരാത്ത നൃത്തപാടവം എളമക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എൻ.എസ്. നിരഞ്ജനെ ഇന്ദ്രപ്രസ്ഥത്തിലും താരമാക്കി.
ഡൽഹിയിലെ റിപ്പബ്ലിക് ദിന പരിപാടിയിലും പ്രധാനമന്ത്രിയുമായുള്ള പരീക്ഷാ പേ ചർച്ചയുടെ മുന്നോടിയായി നടന്ന കലാപരിപാടിയിലുമാണ് കേരളത്തിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികളിൽ ഒരാളായി നിരഞ്ജനും പങ്കെടുത്തത്. എറണാകുളത്ത് ഓട്ടോറിക്ഷ തൊഴിലാളിയായ ടി.എസ്. ഷിബുവിന്റെയും വീട്ടമ്മയായ സുമിയുടെയും രണ്ടുമക്കളിൽ മൂത്തവനാണ് നിരജ്ഞൻ. ചെറുപ്പം മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം എന്നീയിനങ്ങളിൽ മികച്ച വിജയം നേടിയിട്ടുള്ള നിരഞ്ജൻ 2023ലെ കേരളോത്സവത്തിൽ കലാപ്രതിഭയുമായി. ഇതിനുപുറമേയാണ്
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ഡൽഹിയിൽ നടന്ന നാഷണൽ കലാ ഉത്സവത്തിൽ സ്വർണ മെഡലോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കുച്ചുപ്പുടി, കഥക്, ഒഡീസി നർത്തകരോട് മത്സരിച്ചാണ് നിരഞ്ജൻ ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയത്. ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ക്ഷണം. നൃത്താദ്ധ്യാപകൻ എളമക്കര സ്വദേശി സുനിൽകുമാറും സ്കൂളിലെ അദ്ധ്യാപകരും നൽകുന്ന അകമഴിഞ്ഞ പിന്തുണയാണ് കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ മറികടന്ന് നൃത്തപഠനത്തിൽ മുന്നേറാൻ നിരഞ്ജന് തുണയാകുന്നത്. വിദ്യാർത്ഥിയിലൂടെ തങ്ങളുടെ യശസ് രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മുഴങ്ങിക്കേട്ടതിന്റെ ചാരിതാർത്ഥ്യത്തിലാണ് എളമക്കര ജി.വി.എച്ച്.എസ് അദ്ധ്യാപകരും മറ്റ് വിദ്യാർത്ഥികളും.
ദേശീയ കലാ ഉത്സവത്തിൽ സ്വർണമെഡൽ നേടിയ കണ്ണൂർ എ.കെ.ജി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഗസൽ ഫാബിയോ, മലപ്പുറം നെല്ലിക്കുത്ത് വി.എച്ച്.എസ്.എസ്. ഇയിലെ ടി.വിദിൻ എന്നിവരാണ് ക്ഷണിക്കപ്പെട്ട മറ്റ് രണ്ടുപേർ. 9-ാം ക്ലാസ് വിദ്യാർത്ഥി ധനഞ്ജയ് ആണ് സഹോദരൻ.