jolly-kerala-murders

* കുടുംബഹത്യയെന്ന കണ്ടെത്തൽ ഗൗരവമേറിയതെന്ന് ഹൈക്കോടതി

കൊച്ചി: കൂടത്തായ് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രതിചെയ്തത് കുടുംബഹത്യയാണെന്ന കണ്ടെത്തൽ ഗൗരവമേറിയതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജോളിയുടെ ജാമ്യഹർജികൾ തള്ളിയത്.

ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് നടന്നുവരുന്ന വിചാരണയെ ബാധിക്കുമെന്നും ജോളി പുറത്തിറങ്ങുന്നത് സമൂഹത്തിന് വെല്ലുവിളിയാണെന്നും തെളിവുനശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും ജാമ്യഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതിക്കെതിരേ ജനരോഷത്തിന് സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചും പരാമർശിച്ചു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചു. ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോളിക്ക് നേരത്തേ ഹൈക്കോടതി ഒരുകേസിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തതുകൂടി കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.

മുൻ ഭർത്താവ് റോയ് തോമസ്, ഭർതൃപിതാവ് ടോം തോമസ് എന്നിവരെ കൊലപ്പെടുത്തിയെന്ന കേസുകളിലാണ് ജോളി ജാമ്യം തേടിയത്. ടോമിന് വിറ്റാമിൻ ഗുളികയിലും റോയിക്ക് കറിയിലും സോഡിയം സയനൈഡ് കലർത്തി നല്കിയെന്നാണ് കേസ്. കണ്ടെത്തലുകൾ ശരിയെങ്കിൽ ഇത് ആസൂത്രിതവും ഭയാനകവുമായ രക്തമുറയുന്ന കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി. ചുമത്തിയിരിക്കുന്ന വകുപ്പുകൾ അനുസരിച്ച് പ്രതിക്ക് കിട്ടാവുന്ന ശിക്ഷയുടെ ഗൗരവംകൂടി കണക്കിലെടുത്താണ് പൊതു ഉത്തരവ്.

ജോളി കുറ്റസമ്മതം നടത്തിയതും ജയിലിൽവച്ച് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യവും പരിഗണിച്ചു.

ജോളി നിരപരാധിയാണെന്നും പത്തുവർഷം കഴിഞ്ഞുള്ള അന്വേഷണത്തിൽ മതിയായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളി. നിരീക്ഷണങ്ങൾ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണെന്നും കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സെഷൻസ് കോടതികളാണെന്നും ഉത്തരവിൽ പറയുന്നു.

ടോംതോമസിന്റെ മരണം 2008 ഓഗസ്റ്റ് 26നും റോയ് മരിച്ചത് 2011 സെപ്തംബർ 30നുമാണ്. 2019 ഏപ്രിൽ 14ന് ജോളി അറസ്റ്റിലായി. ഭർതൃമാതാവ് അന്നമ്മ, ബന്ധുക്കളായ മാത്യു, സിലി, ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയെന്ന കേസിലും ജോളി പ്രതിയാണ്.