കൊച്ചി: അടൂർ ലൈഫ്‌ലൈൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ലൈഫ്‌ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ലേസർ ആൻജിയോപ്ലാസ്റ്റി ചികിത്സാരീതി ആരംഭിച്ചതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊറോണറി ധമനികളിലെ കഠിനമായ തടസങ്ങൾമൂലം നെഞ്ചുവേദന അനുഭവിക്കുന്നവർക്ക് ആശ്വാസമാവുന്നതാണ് ചികിത്സാരീതി.

ധമനികളിലെ തടസം മാറ്റാനായി സ്ഥാപിച്ച സ്റ്റെന്റിലിൽ ഗുരുതരമായ തടസം രൂപപ്പെട്ട രോഗിക്ക് ലേസർ ആൻജിയോപ്ലാസ്റ്റി വഴി രോഗമുക്തി നൽകാൻ സാധിച്ചതായി ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ഇസഡ്. സാജൻ അഹമ്മദ് പറഞ്ഞു. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിലുണ്ടാകുന്ന ബ്ലോക്കുകളെ നീക്കാനുള്ള കൊറോണറി ആൻജിയോപ്ലാസ്റ്റിക്കുള്ള ഉപകരണമാണ് ലേസർ ആൻജിയോപ്ലാസ്റ്റി.
സുരക്ഷിതമായ രീതിയിൽ ലേസർ ഊർജം ഉത്പാദിപ്പിക്കുന്ന കൺസോളും ഹൃദയധമനികളിലെ തടസങ്ങൾ തുറക്കാനായി ധമനികളിലേക്ക് ലേസർ ഊർജം എത്തിക്കുന്ന കത്തീറ്ററും ട്യൂബും ഉൾപ്പെടുന്നതാണ് ഉപകരണം. ഹൃദയധമനികളിൽ തുടർച്ചയായി തടസങ്ങൾ രൂപപ്പെടുന്നവർക്കും മുൻപ് ആൻജിയോപ്ലാസ്റ്റിക്കോ ബൈപ്പാസ് ശസ്ത്രക്രിയക്കോ വിധേയരായവരുടെ ധമനിയിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റെന്റുകളിൽ രൂപപ്പെടുന്നവർക്കും ഉത്തമമായ ചികിത്സാരീതിയാണിതെന്ന് ഡോ. എസ്. പാപ്പച്ചൻ, ഡോ. ജോർജ് ചാക്കച്ചേരി, ഡോ. മാത്യൂസ് ജോൺ, ഡോ. വിനോദ് മണികണ്ഠൻ എന്നിവർ പറഞ്ഞു.