
കൊച്ചി: നാടുവിറപ്പിച്ച് വിലസിനടന്ന ഗുണ്ടകളെ കാപ്പ കുരുക്കിട്ട് പൂട്ടി പൊലീസ് ! പോയവർഷം ജില്ലയിൽ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ ) ചുമത്തി ജയിലിലടച്ചത് 55 ഗുണ്ടകളെ. 61 പേരെ നാടുകടത്തി. കാപ്പകുരുക്കിട്ട് അകത്താക്കിയവരിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷും ഉൾപ്പെടുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുർന്നാണ്, പൊലീസ് നടപടി കടുപ്പിച്ചത്.
ജില്ലയിൽ എറണാകുളം റൂറൽ പൊലീസിലാണ് ഏറ്റവും അധികം കാപ്പ ചുമത്തിയത്. 83 പേർക്കെതിരെ. ഇതിൽ 37 ഗുണ്ടകളെ ജയിലിലടച്ചു. 46 പേരെ നാടുകടത്തി. കൊച്ചി സിറ്റിയിൽ 18 ഗുണ്ടകളെയാണ് ഇരുമ്പഴിക്കുള്ളിലാക്കിയത്. 15 പേരെ നാടുകടത്തി. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ ഓപ്പറേഷൻ ജാഗ്രതയെന്ന പേരിൽ പൊലീസ് നടത്തിയ ഓപ്പറേഷനിലും ഗുണ്ടകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തിരുന്നു.
ജില്ലയിലെ പൊലീസ് മേധാവിമാർ കളക്ടർക്ക് നൽകുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള ഏഴു വർഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അഞ്ചുവർഷമോ അതിന് മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അല്ലെങ്കിൽ ഒരു വർഷം മുതൽ അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കിൽ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം. കുപ്രസിദ്ധ ഗുണ്ടകളെ ഒരു വർഷം വരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്‌നബാധിതമാണെന്ന് ഉത്തരവിടാനും കാപ്പ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേട്ടിന് അധികാരമുണ്ട്.
കാപ്പ നിയമം
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007 നടപ്പിലാക്കിയ നിയമമാണ് കാപ്പ. 2014 ൽ ഭേദഗതി വരുത്തി. കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ. മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുന്നത്.
നിയമ പരിധിയിൽ വരുന്നവർ
അറിയപ്പെടുന്ന ഗുണ്ടകൾ
അനധികൃത മദ്യക്കച്ചവടക്കാർ
മദ്യക്കടത്തുകാർ
മദ്യവില്പനക്കാർ
വ്യാജ നോട്ട് നിർമ്മാതാക്കൾ
കള്ളനോട്ട് വിതരണക്കാർ
മണൽ മാഫിയ
ലഹരി മരുന്ന് ഉത്പാദകർ
കടത്തുകാർ, വില്പനക്കാർ
ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനായി നടപടികൾ തുടരും
എ. അക്ബർ
മുൻ കമ്മിഷണർ
കൊച്ചി സിറ്റി