
കൊച്ചി: പ്രത്യേക ലക്ഷണങ്ങളില്ലാത്ത സെർവിക്കൽ കാൻസർ രണ്ടാംഘട്ടത്തിൽ അപകടകാരിയാകുമെന്ന് അമൃത ആശുപത്രിയിലെ വിദഗ്ദ്ധർ. ഇന്ത്യയിലെ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്താണെങ്കിലും വാക്‌സിനേഷനിലൂടെ രോഗമുക്തി നേടാം. തിരുവനന്തപുരത്തെയും കൊല്ലത്തെയും കാൻസർ രജിസ്ട്രി പ്രകാരം കേരളത്തിൽ മൂന്നാംസ്ഥാനത്തുള്ള രോഗമാണിതെന്നും പറഞ്ഞു.
പ്രതിവർഷം ഒരുലക്ഷം സ്ത്രീകളിൽ ഏഴുപേർ രോഗബാധിതരാകുന്നുവെന്നാണ് കണക്ക്. ഇന്ത്യയിൽ രോഗനിർണയത്തിനുശേഷം 51.7 ശതമാനം പേർമാത്രമാണ് അഞ്ചുവർഷത്തിലേറെ ജീവിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് അതിജീവനം ഏറ്റവും കുറവ്- 31 ശതമാനം. കൂടുതൽ അഹമ്മദാബാദിൽ-61.5 ശതമാനം. തിരുവനന്തപുരം 58.8 ശതമാനം, കൊല്ലം 56.1 ശതമാനം.
എച്ച്.പി.വി വാക്സിൻ നല്കുക
9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമവൈറസ് (എച്ച്.പി.വി) വാക്‌സിൻ നല്കിയാൽ ഭാവിതലമുറയെ ഈ മാരകരോഗത്തിൽ നിന്നു രക്ഷിക്കാനാവുമെന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി പറഞ്ഞു. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ വികസിപ്പിച്ചതോടെ വില കുറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണം ആവശ്യമാണെന്നും അവർ പറഞ്ഞു.
ശുചിത്വമില്ലായ്മ വില്ലൻ
നിരവധി ഗർഭധാരണങ്ങൾ, സ്വകാര്യഭാഗങ്ങളിലെ ശുചിത്വമില്ലായ്മ, പുകയില ഉപയോഗം, ഒന്നിലധികം ലൈംഗിക പങ്കാളികൾ തുടങ്ങിയവ രോഗസാദ്ധ്യത വർദ്ധിപ്പിക്കുന്നു. 10-15 വർഷം കൊണ്ടാണ് കോശങ്ങൾക്ക് വൈറസ് രൂപമാറ്റം വരുത്തുന്നത്. കാൻസറായാൽ ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം, ആർത്തവ വിരാമത്തിന് ശേഷം രക്തസ്രാവം എന്നിങ്ങനെയുണ്ടാവാം.