 
മൂവാറ്റുപുഴ : 36, 07,10,322 രൂപ വരവും 36,01, 8 1,372 രൂപ ചെലവും 5,28,950 മിച്ചവുമുള്ള മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോസി ജോളി അവധിയിൽ ആയതിനാലാണ് പ്രസിഡന്റ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
കാർഷിക മേഖലിയിൽ 45 ലക്ഷം , ഭിന്നശേഷി ക്ഷേമത്തിന് 70 ലക്ഷം , വനിതാ ക്ഷേമത്തിന് 28 ലക്ഷം പാർപ്പിട മേഖലിയിൽ 2 .66 കോടി ആരോഗ്യ മേഖലയിൽ 59 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.
ഏത്തവാഴ കൃഷി പ്രോത്സാഹിപ്പിക്കാൻ "നാട്ടിലെ വാഴ വീട്ടിലെ ഉപ്പേരി ", പച്ചക്കറി വികസന പദ്ധതി , പുഷ്പകൃഷി ,എം. ബയോ ജൈവ വള നിർമ്മാണം, മുളവൂർ കൂർക്ക സംരക്ഷണ പദ്ധതി, വനിത കഫേ, ജോബ് പോർട്ടൽ, സ്വാശ്രയം - തൊഴിൽ സംരംഭങ്ങൾ , ബയോപോട്ട് നിർമ്മാണ യൂണിറ്റ് എന്നിവ വനിതാ ക്ഷേമത്തിനായി വിഭാവനം ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പ്രധാന പരിഗണന നല്കിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളുടെ ഇന്ദ്രിയ ശേഷി പോഷിപ്പിക്കുന്നതിനുള്ള ന്യൂറോ സെൻസറി പാർക്ക്, തെറാപ്പി സെന്റർ, സ്കോളർഷിപ്പ്, ബഡ്‌സ് റിഹാബിലിറ്റേഷൻ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ, വിനോദയാത്ര തുടങ്ങി നൂതന പദ്ധതി നിർദ്ദേശങ്ങൾ ഉണ്ട്. എൽ. പി. സ്കൂൾ കുട്ടികളുടെ കായിക ശേഷി വർധിപ്പിക്കുന്നതിന് ഹെൽത്തി ന്യൂജെൻ പദ്ധതി,ശാസ്ത്ര പഠന ക്യാമ്പുകൾ എന്നിവ കുട്ടികൾക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്.
കാർഷിക പദ്ധതികൾ
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നെൽകൃഷി വ്യാപകമാക്കൽ, കാർഷിക മാർക്കറ്റുകളിൽ വിൽക്കുന്ന കാർഷിക വിളകൾക്ക് ഇൻസെന്റീവ് ,കർഷകർക്ക് പുതിയ കൃഷിരീതികളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതിന് അഗ്രി ഫെസിലിറ്റേഷൻ സെന്റർ , നാട്ടറിവ് മ്യൂസിയം. ക്ഷീര കർഷകർക്ക് പാലിന് ഇൻസെന്റീവ്, കുളങ്ങളിൽ മീൻ കൃഷി തുടങ്ങിയവയാണ് കാർഷിക മേഖലയിലെ പദ്ധതികൾ.