
ഫോർട്ട്കൊച്ചി : കടപുറത്തെ മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടിയില്ലാത്തത് പ്രതിഷേധം ശക്തമാകുന്നു. ഫോർട്ട്കൊച്ചി കടപുറം റഷ്യൻ സംഘം ശുചീകരിച്ച വാർത്ത വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് ഫോർട്ട്കൊച്ചി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി.കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടേയും ഡി.റ്റി.പി.സിയുടേയും തൊഴിലാളികളാണ് ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് നഗരസഭയുമാണ്. കടപുറത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി പിരിച്ച് വിടണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം കെ. പി. സി. സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം നിർവഹിച്ചു. കോൺഗ്രസ് പ്രവർത്തകർ ഫോർട്ട് കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. ഫെബ്രുവരി 7ന് അടിയന്തരമായി യോഗം വിളിച്ച് ഫോർട്ട് കൊച്ചി ബീച്ചിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാമെന്ന ഉറപ്പിന്മേൽ കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ചു.