കൊച്ചി: സി.ആർ.പി.എഫിന്റെ കനത്ത സുരക്ഷയിൽ ഇന്നലെ കൊച്ചിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ. നെടുമ്പാശേരി വിമാനത്താവളത്തിൽ രാത്രി 8.33ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ അദ്ദേഹം ഫോർട്ട്കൊച്ചിയിലെ കോസ്റ്റ്ഗാർഡ് ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴി കളമശേരിയിൽ വച്ചാണ് വനിതകൾ ഉൾപ്പെടെ ഇരുപതിലേറെ വരുന്ന പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു റോഡരികിൽ നിന്നുള്ള പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
മുന്നിലും പിന്നിലും സി.ആർ.പി.എഫ് ഭടന്മാരുടെ സുരക്ഷയിലാണ് വാഹനവ്യൂഹമായി ഗവർണർ കൊച്ചിയിലേക്ക് തിരിച്ചത്. മാദ്ധ്യമ പ്രവർത്തകർ ഗവർണറെ കാണാൻ വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും പ്രതികരിച്ചില്ല.
കോസ്റ്റ് ഗാർഡ് റെയ്സിംഗ് ഡേയുടെ ഭാഗമായി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് ഇന്ന് രാവിലെ 7.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും.