u

ചോറ്റാനിക്കര: ജില്ലയിലെ രണ്ടാമത്തെ മികച്ച പൊലീസ് സ്റ്റേഷനെന്ന പെരുമയിലും മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ ക്വാട്ടേഴ്സിന്റെ പരിതാപകരമായ അവസ്ഥ മങ്ങലേൽപ്പിക്കുകയാണ്. അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാത്തതു മൂലം സ്റ്റേഷന്റെ 14 ക്വാർട്ടേഴ്സുകളിൽ പതിനൊന്നും ഇഴ ജന്തുക്കളുടെ വാസസ്ഥലമാണ്. കെട്ടിടം ചോർന്നൊലിക്കുന്നു. ജനലും വാതിലും ദ്രവിച്ച് തകർച്ചയുടെ വക്കിലാണ്.

വിവിധ കേസുകളിൽ പിടിച്ച കസ്റ്റഡി വാഹനങ്ങളുടെ ശവപ്പറമ്പാണ് ക്വാർട്ടേഴ്സ് പരിസരം. കാടുപിടിച്ച പ്രദേശത്ത് ഇഴജന്തുക്കളും പെരുകുമ്പോഴും അധികൃതർ കണ്ടമട്ടില്ല.

ക്വാർട്ടേഴ്സുകൾ അടിയന്തരമായി നവീകരിക്കുമെന്ന് പി.ഡബ്ലിയു.ഡി വർഷങ്ങൾക്കു മുമ്പ് വാഗ്ദാനങ്ങൾ നൽകിയെങ്കിലും പാഴായില്ല. പരിസരത്തെ കാട് വെട്ടിത്തെളിക്കുകയും ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ നിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വനിതാ ജീവനക്കാരും ബുദ്ധിമുട്ടിൽ

36 ജീവനക്കാർ ഉള്ള മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ അഞ്ചുപേർ വനിതകളാണ്. വനിതാ പൊലീസുകാർ അടക്കം സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ മുറികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികളും ഇവിടില്ല.

ക്വാർട്ടേഴ്സ് നവീകരണം നടത്തിയാൽ വിശ്രമിക്കുന്നതിനും യൂണിഫോം മാറുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടത്ര സൗകര്യവും ഇവർക്ക് ലഭിക്കും. നിലവിലുള്ള ക്വാർട്ടേഴ്സ് ചിലത് രണ്ടുവർഷം മുമ്പ് വരെ ജീവനക്കാർ ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇവിടെ താമസക്കാരില്ല.

മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ തന്നെ നവീകരണത്തിന്റെ വക്കിലാണ്. അതിനേക്കാൾ ശോചനീയാവസ്ഥയിലാണ് ക്വാർട്ടേഴ്സ്. നവീകരണം നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.

എൽദോ ടോം പോൾ

ജില്ലാ പഞ്ചായത്ത് അംഗം

ക്വാർട്ടേഴ്സിന്റെ ശോചനീയാവസ്ഥ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ക്വാർട്ടേഴ്സ് നവീകരിക്കുവാൻ സർക്കാർതലത്തിൽ ഇടപെട്ടും.

ലിജോ ജോർജ്

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി