k

പിറവം: പിറവം നഗരസഭയിൽ എൽ.ഡി.എഫിന് ചെയർപേഴ്സൺ സ്ഥാനം നഷ്ടമായി. യു.ഡി.എഫിലെ ജിൻസി രാജുവിനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. മുൻ ചെയർപേഴ്സണും സി.പി.എം അംഗവുമായ ഏലിയാമ്മ ചാക്കോ വോട്ട് അസാധുവാക്കിയതിനെ തുടർന്ന് ഇരുപക്ഷത്തും തുല്യവോട്ടുകളായി. തുടർന്ന് നടത്തിയ ടോസിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഭാഗ്യം പിന്തുണച്ചു.

എൽ.ഡി.എഫ് ഭരണമായിരുന്ന ഇവിടെ മുന്നണിയിലെ ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാക്കിയ സി.പി.എമ്മിലെ ഏലിയാമ്മ ചാക്കോ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് രാജിവച്ചതോടെയാണ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്. മുന്നണിയിലെ മുൻ ധാരണപ്രകാരം അടുത്ത രണ്ടരവർഷം സി.പി.ഐക്കായിരുന്നു ചെയർപേഴ്സൺ സ്ഥാനം.

ആകെ 27 അംഗങ്ങളുള്ള മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിന് 13ഉും എൽ.ഡി.എഫിന് 14 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി അഡ്വ. ജൂലി സാബുവായിരുന്നു. ഏലിയാമ്മ ചാക്കോയുടെ വോട്ട് അസാധുവായതിനെത്തുടർന്ന് എൽ.ഡി.എഫിനും യു.ഡി.എഫിനും 13 വീതം വോട്ടുവീതം ലഭിച്ചു. ടോസിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജിൻസി രാജുവാണ് വിജയിച്ചത്. ആറാം ഡിവിഷൻ അംഗമാണ്.