theeradesam

വൈപ്പിൻ: തീരദേശ പരിപാലന നിയമത്തിൽ കുരുങ്ങി 32വർഷമായി വൈപ്പിൻ നിവാസികളുടെ വീട് നിർമ്മാണം അനന്തമായി നീളുകയാണ്. 1991ലെ നിയമ പ്രകാരം കടലോരത്തും കായലോരത്തും പൊക്കാളിപാടശേഖരങ്ങളുടെ ഓരത്തും താമസിക്കുന്നവർക്കും പുതിയൊരു വീട് നിർമ്മിക്കാൻ അനുവാദമില്ല. ആരെങ്കിലും വീട് നിർമ്മിച്ചാൽ അവയ്ക്ക് കെട്ടിട നമ്പർ ലഭിക്കില്ല. ഇലക്ട്രിസിറ്റിയും കുടിവെള്ളവും ഈ വീടുകൾക്ക് ലഭ്യമാകില്ല. കടലും കായലും കൈത്തോടുകളും പാടശേഖരങ്ങളും നിറഞ്ഞ വൈപ്പിൻ ദ്വീപ് നിവാസികൾക്കാണ് നിയമം കൂടുതൽ കുരുക്കാവുകയാണ്.
തീരങ്ങളിൽ താമസിക്കുന്നത് മിക്കവാറും മത്സ്യ, കാർഷിക മേഖലകളിൽ തൊഴിലെടുക്കുന്നവരാണ്. ഒട്ടേറെ പരാതികളെ തുടർന്ന് 2011നും 2019ലും നിയമത്തിന്റെ പരിഷ്‌കരിക്കപ്പെട്ട വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. 2011ലെ ഭേദഗതിയനുസരിച്ച് കൃഷിയിടങ്ങൾ, ചെമ്മീൻകെട്ടുകൾ, തോടുകൾ, പുഴ, കായൽ എന്നിവയുടെ വരമ്പുകളാണ് വേലിയേറ്റരേഖയായി കണക്കാക്കുന്നത്. ഈ രേഖയിൽനിന്ന് 50 മീറ്റർ ദൂരത്തിനുള്ളിൽ നിർമ്മാണ നിരോധനമുണ്ട്. ഈ 50 മീറ്ററിനുള്ളിൽ പഴയവീടുകൾക്ക് അത്രയുംതന്നെ വിസ്തീർണത്തിൽ പുതുക്കി പണിയാൻമാത്രം അനുമതിയുണ്ട്. എന്നാൽ പുതിയ വീടുകൾക്ക് അനുവാദമില്ല.

 നിയമത്തിൽ ഇളവ് ലഭിക്കണമെന്ന് ആവശ്യം
2020 മേയ് ഒന്നിന് ഭേദഗതിയനുസരിച്ച് പാർപ്പിടപ്രശ്നത്തിന് പരിഹാരമാവുന്നാണ് പ്രതീക്ഷ. കൂടാതെ യു.എ. നമ്പറുകൾ (താത്കാലികം) ലഭിച്ചിട്ടുള്ള നിരവധി വീടുകൾക്ക് സ്ഥിരം നമ്പർ ലഭിക്കാനും സാധിക്കും. എന്നാൽ ഈ നിയമം നടപ്പിലാക്കുന്നതിന് പഞ്ചായത്തുകൾ വില്ലേജ് അധികാരികൾ മുഖേന കരട് മാപ്പ് തയ്യാറാക്കി തീരദേശപരിപാലന അതോറിട്ടി സെക്രട്ടറിക്ക് നൽകേണ്ടതുണ്ട്. പ്രാഥമികഘട്ടമായ കരട് മാപ്പ് പ്രസിദ്ധീകരണവും പബ്ലിക് ഹിയറിംഗ് 2023 ജൂണിൽ പൂർത്തിയായി. പ്രസിദ്ധീകരിക്കപ്പെട്ട മാപ്പിൽ 35000ൽപ്പരം ആക്ഷേപങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ആക്ഷേപങ്ങൾ പരിശോധിച്ച് ഫൈനൽ മാപ്പിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ 2019ലെ നിയമമനുസരിച്ചുള്ള ആനുകൂല്യം നാട്ടുകാർക്ക് ലഭിക്കുകയുള്ളൂ.

സമരങ്ങൾ ഏറെ
നിയമക്കുരുക്കിൽപ്പെട്ടയാളുകൾ നിരവധി തവണ വൈപ്പിൻ കേന്ദ്രീകരിച്ച് സമരങ്ങൾ നടത്തിയിട്ടുണ്ട്. 2023ൽ ആഗസ്റ്റ് 21ന് പ്രതിഷേധ ധർണ്ണ, ഒക്‌ടോബർ 3ന് കുടിൽകെട്ടി സമരം, നവംബർ 29ന് തെരുവിൽ അത്താഴം, ഏറ്റവും ഒടുവിൽ ഇന്നലെ നിരാഹാര സത്യഗ്രഹം എന്നിവ സി.ആർ.ഇസഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നു. വീട് നിർമ്മാണത്തിനുള്ള അനുമതി ലഭിക്കുംവരെ സമരം തുടരുമെന്ന പ്രസിഡന്റ് ഇ.കെ. സലിഹരൻ, സെക്രട്ടറി ബേസിൽ മൂക്കത്ത്, ട്രഷറർ കെ.എസ്. സലി എന്നിവർ പറഞ്ഞു.