digital-skill

കേന്ദ്ര ധനമന്ത്രി ഇന്നവതരിപ്പിക്കുന്ന ബഡ്ജറ്റിൽ വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ കൂടുതൽ വിഹിതം പ്രതീക്ഷിക്കാം. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, ഇന്റേൺഷിപ്പുകൾ, ഓൺജോബ് പ്രോഗ്രാം എന്നിവയ്ക്ക് പ്രാധാന്യം ലഭിക്കാനിടയുണ്ട്. ദേശീയ വിദ്യാഭ്യാസനയം 2020 പൂർണമായി നടപ്പാക്കാനുള്ള തുക വകയിരുത്തലും, തയ്യാറെടുപ്പുകളും ബഡ്ജറ്റിൽ പ്രതീക്ഷിക്കാം.

ഡിജിറ്റൽ സ്‌കില്ലുകൾ, സ്‌കിൽ വികസനം, ടെക്‌നോളജി എന്നിവ സ്‌കൂൾ, കോളേജ് തലങ്ങളിൽ കൂടുതൽ പ്രാമുഖ്യം നേടും. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിന് പെൺകുട്ടികൾക്ക് കൂടുതൽ സ്‌കോളർഷിപ്പുകൾ അനുവദിച്ചേക്കും. കൂടുതൽ പ്രവേശന പ്രരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനും, ഡിജിറ്റൽ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള നിർദ്ദേശങ്ങളുണ്ടാകാം. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാനും കൂടുതൽ വിദേശ സർവകലാശാലകളുമായി ചേർന്ന് ട്വിന്നിങ്, ഡ്യൂവൽ, ജോയിന്റ് ബിരുദ പ്രോഗ്രാമുകൾ ആവിഷ്‌കരിക്കുവാനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജി.ഇ.ആർ അനുപാതം വർദ്ധിപ്പിക്കുവാനുമുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഇടംനേടാൻ സാദ്ധ്യതയുണ്ട്.

ASER 2023 വിദ്യാഭ്യാസ അവലോകന റിപ്പോർട്ടനുസരിച്ച് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കൽ, അവികസിത- ഗ്രാമീണ മേഖലയിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയൽ, അദ്ധ്യാപക പരിശീലനം, മികച്ച വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

ഡ്യുവൽ എം.ബി.എ @ എൻ.ഐ.ടി കോഴിക്കോട്

കോഴിക്കോട് എൻ.ഐ.ടിയിൽ എം.ബി.എ പ്രോഗ്രാമിന് മാർച്ച് 31 വരെ അപേക്ഷിക്കാം. രണ്ടു വർഷത്തെ ഡ്യുവൽ പ്രോഗ്രാമുകളിലേക്ക് ബിരുദധാരികൾക്ക് പ്രവേശനം ലഭിക്കും. ഫിനാൻസ്, എച്ച്.ആർ, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയിൽ രണ്ടു സ്‌പെഷ്യലൈസേഷനുകൾ തിരഞ്ഞെടുക്കാം. കാറ്റ് 2023 സ്‌കോർ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.nitc.ac.in.

റൂറൽ മാനേജ്‌മെന്റിൽ അവസരങ്ങൾ

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്‌മെന്റ് & പഞ്ചായത്തിരാജിൽ എ.ഐ.സി.ടി.ഇ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. രണ്ടു വർഷ പി.ജി ഡിപ്ലോമ ഇൻ റൂറൽ മാനേജ്‌മെന്റ്, ഒരു വർഷ പി.ജി ഡിപ്ലോമ ഇൻ റൂറൽ ഡെവലപ്‌മെന്റ് മാനേജ്മന്റ് എന്നീ കോഴ്‌സുകൾക്ക് 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കാറ്റ് 2023 അടക്കമുള്ള വിവിധ മാനേജ്മന്റ് ആപ്റ്റിറ്റ്യൂഡ് സ്‌കോറുകൾ അഡ്മിഷനുവേണ്ടി പരിഗണിക്കും. ഗ്രൂപ്പ് ഡിസ്‌കഷനും, ഇന്റർവ്യൂവും ഉണ്ടായിരിക്കും. ഏപ്രിൽ 21 വരെ അപേക്ഷിക്കാം. www.nirdpr.org.in.