babu

കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ സ്വത്തുതർക്കത്തെ തുടർന്ന് സഹോദരനടക്കം മൂന്നുപേരെ വെട്ടിക്കൊന്ന കേസിൽ പ്രതി എരപ്പക്കര അറയ്ക്കൽ വീട്ടിൽ ബാബു(48)വിന് വധശിക്ഷ. ബാബുവിന്റെ സഹോദരൻ ശിവൻ (61), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്ത മകൾ സ്മിത (33) എന്നിവരാണ് 2018 ഫെബ്രുവരി 12ന് വെട്ടേറ്റുമരിച്ചത്. ഇതിൽ സ്മിതയുടെ കൊലപാതകം അതിക്രൂരമെന്ന് വിലയിരുത്തിയാണ് എറണാകുളം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സോമൻ വധശിക്ഷ വിധിച്ചത്. മറ്റു കൊലപാതകങ്ങളിൽ ജീവപര്യന്തം തടവും വിധിച്ചു. പ്രതി 4.1 ലക്ഷം രൂപ പിഴയൊടുക്കണം. കൊലപാതകമടക്കം ബാബുവിനെതിരെ ചുമത്തിയ ആറു കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷ നടപ്പാക്കൽ ഹൈക്കോടതിയുടെ തീർപ്പിന് വിധേയമായിട്ടാകും.

ബാബു തനിക്കായി പറഞ്ഞുവച്ചിരുന്ന കുടുംബവക സ്ഥലത്തെ മരം ശിവൻ മുറിച്ചതാണ് തർക്കം രൂക്ഷമാക്കിയത്. വീട്ടിൽ അതിക്രമിച്ചുകയറി ശിവൻ, വത്സല, സ്മിത എന്നിവരെ ബാബു വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സ്മിതയെ വെട്ടുന്നത് തടയാൻ ശ്രമിച്ച ഇരട്ടകളായ മക്കൾ അശ്വിൻ, അപർണ എന്നിവ‌ർക്കും പരിക്കേറ്റിരുന്നു.
പെട്ടി ഓട്ടോ ഡ്രൈവറായിരുന്ന ബാബുവും ശിവനും അടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. ആക്രമണത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തിൽ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ബാബുവിനെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്.

 അത്യപൂ‌ർവമായ കുറ്റകൃത്യം

സമാനതകളില്ലാത്ത കുറ്റകൃത്യമാണ് ബാബു ചെയ്തതെന്ന് സെഷൻസ് കോടതി വിലയിരുത്തി. പരിക്കേറ്റ അശ്വിന്റെ മൊഴിയും ഫോറൻസിക് സർജൻ ഡോ.എ.കെ. ഉന്മേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും വിചാരണയിൽ നിർണായകമായി.

കൊല്ലപ്പെട്ടവരുടെ കഴുത്തു മുറിക്കുകയും തലയോട്ടി വെട്ടിപ്പൊളിക്കുകയും ചെയ്തു. സ്മിതയുടെ ദേഹത്ത് മുപ്പത്തഞ്ചോളം മുറിവുകളുണ്ടായിരുന്നു. ഇത് അപൂർവങ്ങളിൽ അത്യപൂ‌ർവമായ കുറ്റകൃത്യത്തിന്റെ ഗണത്തിൽപ്പെടുന്നതായി കോടതി വിലയിരുത്തി.

സംഭവദിവസം വൈകിട്ട് 5.40നാണ് ശിവന്റെ വീട്ടിലേക്ക് ബാബു അതിക്രമിച്ചു കയറിയത്. ശിവനെ വീട്ടുമുറ്റത്തേക്ക് വലിച്ചിടുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തശേഷമാണ് വെട്ടിയത്. വത്സലയെ വീടിനുള്ളിലും സ്മിതയെ കുളിമുറിയിലും വെട്ടിവീഴ്‌ത്തി. സ്മിതയെ വെട്ടുന്നതിനു തടസംനിന്ന മകൻ അശ്വിന്റെ അസ്ഥി പൊട്ടി​. ഭർതൃവീട്ടിൽ നിന്ന് അവധിയാഘോഷിക്കാൻ എത്തിയതായിരുന്നു സ്മിതയും മക്കളും.

മറ്റൊരു സഹോദരനായ ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെ കൊലപ്പെടുത്താനും ബാബു പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.