 
കോതമംഗലം: താലൂക്ക് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവ് പിടിയിൽ. തൃശൂർ മരത്താക്കര കോതൂർ കൂടാരംകോളനിനിവാസി കാഞ്ഞിരപ്പിള്ളി മുക്കാലി വലിയവീട്ടിൽ പ്രദീപിനെയാണ് (37) കോതമംഗലം പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കുവന്ന മൂവാറ്റുപുഴ സ്വദേശി ബൈജുവിന്റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ 18ന് മോഷണം പോയത്. തൃശൂർ പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപത്തെ ഓൾഡ് നെന്മണിറോഡിൽ നിന്നാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐമാരായ ആൽബിൻ സണ്ണി, രഘുനാഥ്, എസ്.സി.പി.ഒ മാരായ ടി.ആർ. ശ്രീജിത്ത്, നിയാസ്‌മീരാൻ എന്നിവർ ഉണ്ടായിരുന്നു.