കോലഞ്ചേരി: പുതുമനക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി താളം തെറ്റിയതോടെ കാർഷിക വിളകൾക്ക് ഉണക്ക് ബാധിച്ചു. മണീട്, പൂതൃക്ക പഞ്ചായത്തുകളിലെ 4 വാർഡുകളിൽ വെള്ളമെത്തിക്കുന്ന പുതുമനകടവ് ലിഫ്റ്റ് ഇറിഗേഷനിൽ നിന്നും വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. ഇവിടെ നിന്നുള്ള വെള്ളമാണ് മണീട് പഞ്ചായത്തിലെ 2,3 പൂതൃക്ക പഞ്ചായത്തിലെ 9,10 വാർഡുകളിലും കൃഷിക്കും കുടിവെള്ളത്തിനുമായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മൂവാറ്റുപുഴയാറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ഇരുന്നൂറ് ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്തു വന്നിരുന്നു. രാമമംഗലം പാലത്തിനു സമീപം കുടുംബനാട് പമ്പ്ഹൗസിനു വെള്ളം ലഭിക്കുന്നതിനു വേണ്ടി തടയണ നിർമ്മിച്ചതോടെയാണ് പുതുമനകടവ് പമ്പ്ഹൗസിൽ വെള്ളം ലഭിക്കാതെ വന്നത്. ഇതോടെ പതിവായി പമ്പിംഗ് മുടങ്ങുകയാണ്. മുൻ കാലങ്ങളിൽ ഇവിടെ നിന്ന് 20 മണിക്കൂർ പമ്പിംഗ് നടന്നിരുന്നു എന്നാൽ ഇപ്പോൾ വളരെ കുറച്ചു സമയം മാത്രമെ പമ്പിംഗ് നടത്താൻ കഴിയുന്നുള്ളു. ഒരു വാർഡിൽ പോലും വെള്ളമെത്തിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം കൂടുതൽ വെള്ളം ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വർഷമാണ് നീരൊഴുക്ക് തീരെ കുറഞ്ഞത് കാർഷീക വിളകളെ ബാധിച്ചു. നെൽകൃഷിയ്ക്ക് വെള്ളമെത്താതായതോടെ കർഷകരും നിരാശയിലാണ്. വേനൽ കടുത്തതോടെ ജാതി,വാഴ,കപ്പ, പച്ചക്കറികൾ കൃഷികൾക്കും വെള്ളം ലഭിക്കാതെ ബുദ്ധിമുട്ട് ഇരട്ടിയായി. പമ്പ്ഹൗസിനു സമീപമുള്ള പാറ പൊട്ടിച്ച് മോട്ടോർ താഴ്ത്തി വച്ചാൽ മാത്രമെ പ്രശ്ന പരിഹാരമാകൂ.
............................
വെള്ളം ലഭിക്കാത്തത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചിട്ടുള്ളത്. വിഷയത്തിൽ അടിയന്തരമായി മണീട്,പൂതൃക്ക പഞ്ചായത്ത് ഭരണ സമിതികൾ ഇടപെടണം. അല്ലെങ്കിൽ കാർഷിക വിളകൾ ഉണങ്ങി നശിക്കും.
പാടശേഖര സമിതികൾ