
#അടിയന്തര കൗൺസിൽ ഇന്ന്
ആലുവ: മഹാശിവരാത്രി വ്യാപാരമേളയുടെ കരാറെടുത്ത കമ്പനി പണം അടയ്ക്കാഞ്ഞത് നഗരസഭയെ ആശയക്കുഴപ്പത്തിലാക്കി. മണപ്പുറത്ത് മാർച്ച് എട്ടുമുതൽ നടക്കുന്ന വ്യാപാരമേളയുടെ നടത്തിപ്പ് 1.16 കോടി രൂപയ്ക്ക് കരാർ എടുത്ത കൊല്ലം ഷാസ് എന്റർടെയ്ൻമെന്റാണ് പണമടയ്ക്കാത്തത്. ഇതേതുടർന്ന് നഗരസഭ ഇന്ന് അടിയന്തര കൗൺസിൽ യോഗം വിളിച്ചു.
ജനുവരി 11നാണ് ഇ ടെൻഡറിലൂടെ 1,16,08174 രൂപയ്ക്ക് ഷാസ് എന്റർടെയ്ൻമെന്റിന് വ്യാപാരമേളയുടെ കരാറെടുത്തത്. പുറമെ 18 ശതമാനം ജി.എസ്.ടിയും 10 ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. ജനുവരി 29ന് മുമ്പ് മുഴുവൻ തുകയും അടക്കണമെന്ന് കരാറുകാരന് നോട്ടീസ് നൽകിയിരുന്നെങ്കിലും 16,08174 രൂപ മാത്രമാണ് അടച്ചത്. ജി.എസ്.ടി.യും സെക്യൂരിറ്റി ഡെപ്പോസിറ്റും ഉൾപ്പെടെ ഏകദേശം 1.32 കോടി രൂപ ബാക്കി അടയ്ക്കാനുണ്ട്.
29-ാം തീയതി 50 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും സ്വീകരിച്ചില്ല. ഓൺലൈൻ മുഖേന മാത്രമെ നഗരസഭയ്ക്ക് പണം സ്വീകരിക്കാനാകും. ഇന്നലെ വരെ ഓൺലൈൻ മുഖേന കരാറുകാരൻ പണം നൽകാത്ത സാഹചര്യത്തിലാണ് അടിയന്തര കൗൺസിൽ ചേരുന്നത്.
നഗരസഭയ്ക്ക് ആശങ്ക, ആശയക്കുഴപ്പം
കരാറെടുത്തയാൾ ധാരണ പാലിച്ചില്ലെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ രണ്ട് മാർഗങ്ങളാണുള്ളത്. ഒന്ന് ഇ ടെൻഡറിൽ പങ്കെടുത്ത രണ്ടാമനുമായി ചർച്ച നടത്തി കരാർ ഉറപ്പിക്കാം. അല്ലെങ്കിൽ വ്യാപാരമേള നഗരസഭ നേരിട്ട് നടത്തണം.
കഴിഞ്ഞ വർഷത്തെ നടത്തിപ്പുകാരായ ബംഗളൂരു ഫൺ വേൾഡ് 47 ലക്ഷം രൂപയ്ക്കും എ ടു ഇസ്ഡ് ഗ്രൂപ്പ് 45 ലക്ഷം രൂപയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളവർ കോട്ട് ചെയ്തിരുന്നത്. കഴിഞ്ഞ വർഷത്തെ 63 ലക്ഷത്തിൽ നിന്നാണ് 47 ലക്ഷമായി ഫൺ വേൾഡ് തുക കുറച്ചത്. ഈ സാഹചര്യത്തിൽ ഇവരുമായുള്ള ചർച്ച വിജയിക്കാൻ സാദ്ധ്യതയില്ല. നഗരസഭ സ്വന്തം നിലയിൽ ഏറ്റെടുക്കുന്നതിന് സമയം കുറവായതാണ് വലിയ പ്രതിസന്ധി.
കേസും നൂലാമാലയും
ഷാസ് ഗ്രൂപ്പ് കരാർ ഏറ്റെടുത്തതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങൾ നേരത്തെ ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തണമെന്ന കോടതി ഉത്തരവാണ് കരാറുകാരൻ പിന്നാക്കം പോകാൻ കാരണമെന്ന് പറയുന്നു. ശിവരാത്രി നാളിൽ അമ്യൂസ്മെന്റ് പാർക്കിനെതിരെ സ്ഥിരമായി പരാതി നൽകുന്ന ഒരു മാഫിയ ആലുവ കേന്ദ്രീകരിച്ചുണ്ട്. കേസിന് പിന്നാലെ പോകാനുള്ള മടിയാണ് കരാറുകാരെ പിന്തിരിപ്പിക്കുന്നതത്രെ.