
കൊച്ചി: മുൻ എക്സൈസ് മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ബാബു എം.എൽ.എയുടെ 25.82 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) കണ്ടുകെട്ടി. മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ചെന്ന് കണ്ടെത്തിയ സ്വത്താണ് കള്ളപ്പണ ഇടപാട് നിരോധന നിയമ (പി.എം.എൽ.എ ) പ്രകാരം കണ്ടുകെട്ടിയത്.
2007ജൂലായ് ഒന്നിനും 2016 ജൂൺ 31നുമിടയിൽ സമ്പാദിച്ച സ്വത്താണിതെന്ന് ഇ.ഡി അറിയിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ബാർ കോഴക്കേസ് വിജിലൻസ് അന്വേഷിച്ചതിന്റെ തുടർച്ചയായാണ് നടപടി. 2016 ആഗസ്റ്റ് 31ന് എറണാകുളത്തെ വിജിലൻസ് പ്രത്യേക സംഘം രജിസ്റ്റർ ചെയ്ത പ്രാഥമിക വിവര റിപ്പോർട്ടിന്റെയും 2018 മാർച്ച് 23ന് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഇ.ഡി അന്വേഷണം ആരംഭിക്കുകയായിരുന്നു.
പൊതുജനസേവകനായ കെ. ബാബു കണക്കിൽ കാണിക്കാത്തതും ഉറവിടം വ്യക്തമാക്കാത്തതുമായ 25.82 ലക്ഷം രൂപയുടെ സ്ഥാവര ജംഗമവസ്തുക്കൾ സമ്പാദിച്ചെന്ന് ഇ.ഡി കണ്ടെത്തി. അഴിമതി നിരോധന നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണം തുടരുകയാണെന്ന് ഇ.ഡി അറിയിച്ചു.
അറിയില്ലെന്ന് കെ. ബാബു
കണ്ടുകെട്ടൽ സംബന്ധിച്ച് ഇ.ഡിയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ. ബാബു പറഞ്ഞു. അപ്പീൽ സാദ്ധ്യത ഉൾപ്പെടെ തുടർനടപടികൾ പരിശോധിക്കും. മൊഴിയെടുക്കാൻ ഒരിക്കൽ വിളിപ്പിച്ചിരുന്നെങ്കിലും തിരക്കുകൾ മൂലം പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. താത്കാലിക കണ്ടുകെട്ടലാണ് ഇ.ഡി നടത്തിയത്. നടപടിക്കെതിരെ കക്ഷിക്ക് അപ്പീൽ നൽകാം. അപ്പീൽ അധികാര സമിതിയും തള്ളിയാൽ മാത്രമേ കണ്ടുകെട്ടൽ സ്ഥിരമാക്കാൻ കഴിയൂ.
കെ. ബാബുവിന്റെ ഹർജി വിധിപറയാൻ മാറ്റി
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.ബാബു എം.എൽ.എ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സി.പി.എം സ്ഥാനാർത്ഥി എം.സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെയാണ് മുൻമന്ത്രി കൂടിയായ ബാബു സുപ്രീംകോടതിയെ സമീപിച്ചത്. ഇന്നലെ ഇരുഭാഗത്തിന്റെയും വാദമുഖങ്ങൾ പൂർത്തിയായി. മതചിഹ്നം ഉപയോഗിച്ച് ബാബു വോട്ടു പിടിച്ചതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് സ്വരാജ് ആവശ്യപ്പെടുന്നത്. എന്നാൽ, അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചിട്ടില്ലെന്നാണ് ബാബുവിന്റെ വാദം.