general-hospital

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്ന ജനറൽ ആശുപത്രി, കോടികളുടെ മുടക്കിലെ ക്യാൻസർ സെന്റർ, സംസ്ഥാനത്തെ ജനറൽ ആശുപത്രികളിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ്, കുട്ടികൾക്കായി പാർക്ക്, കോടികളുടെ മുടക്കിൽ ബേൺസ് ഐ.സി.യു, മറ്റ് ഐ.സി.യുകളുടെ എണ്ണം വർദ്ധിപ്പിക്കൽ.... നേട്ടങ്ങൾ ഓരോന്നായി കൈവരിച്ച് കേരളത്തിലെ ഏറ്റവും മികച്ച ജനറൽ ആശുപത്രികളുടെ പട്ടികയിയിൽ മുമ്പന്തിയിലാണ്.

ആധുനിക സൗകര്യങ്ങളെല്ലാം സ്വകാര്യ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കും. പ്രതിദിനമെത്തുന്ന രോഗികളുടെ എണ്ണം ഒരുവർഷം മുമ്പ് ശരാശരി 3,000 പേർ എത്തിയിരുന്നത് 4,500ലേറെയായി ഉയർന്നു.

ഡയാലിസിസ് യൂണിറ്റ്

ഡയാലിസിസ് ബ്ലോക്ക് ഫെബ്രുവരി ഒമ്പതിന് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. ഇതിനോടകം അഞ്ഞൂറിലേറെ ബുക്കിംഗായി. 54 ഡയാലിസിസ് മെഷീനുകളിൽ ദിവസം 200ൽപരം പേർക്ക് ചികിത്സ നൽകാം.

 ബേൺസ് യൂണിറ്റ്

വ്യവസായ മേഖലകൾ ഏറെയുള്ള കൊച്ചിയിൽ പൊള്ളലുമായി ബന്ധപ്പെട്ട് അടിയന്തര ചികിത്സയ്ക്ക് ഒന്നേമുക്കാൽ കോടി രൂപ മുടക്കിൽ തുടങ്ങിയ ബേൺസ് യൂണിറ്റ് ആരംഭിച്ചു. എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ചുള്ള യൂണിറ്റിൽ ഐ.സി.യു ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ജില്ലയിലെ ആദ്യത്തെ സമഗ്ര ബേൺസ് യൂണിറ്റാണിത്.മൈനർ ഓപ്പറേഷൻ തിയേറ്ററുമുണ്ട്. 

 കോടിയിലേറെ മുടക്കിൽ മോർച്ചറി

ഒന്നരക്കോടിയിലേറെ രൂപ മുടക്കിൽ ആശുപത്രിയിൽ പുതിയ മോർച്ചറി ഉടൻ പ്രവർത്തനം ആരംഭിക്കും. നിലവിലെ മോർച്ചറിയുടെ കാലപ്പഴക്കവും സൗകര്യക്കുറവും പരിഗണിച്ചാണിത്. സംസ്ഥാനത്തെ തന്നെ കൂടുതൽ സൗകര്യങ്ങൾ ഉള്ള മോർച്ചറിയാകും ഇവിടെ വരിക.

ക്യാൻസർ ചികിത്സാ വിഭാഗം

പ്രതിദിനം 300ലേറെപ്പേരാണ് ഇപ്പോൾ ചികിത്സയ്ക്ക് എത്തുന്നത്. നിലവിൽ 100ലേറെപ്പേർ ഇവിടെ അഡ്മിറ്റായുണ്ട്. ഒരുമാസം 5,000ലേറെപ്പേർ ക്യാൻസർ ചികിത്സ തേടുന്നു. അതിനൂതനമായ ഹിസ്റ്റോപതോളജി, ട്യൂമർ മാർകേഴ്‌സ്, പബ്‌സ്മിയർ ടെസ്റ്റ്, എഫ്.എൻ.എ.സി, എഫ്.എൻ.എ.ബി എന്നിവയുൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ സി.എസ്.എസ്.ഡി വിഭാഗം, ലോൺട്രി, എസ്.ടി.പി, രാത്രി ഫാർമസി, കുട്ടികൾക്ക് പാർക്ക് എന്നിവയെല്ലാം കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിലവിൽ വന്നു.

 കോടികളുടെ ഐ.പി ബ്ലോക്ക് വരും

ആറ് ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ 74കോടി മുടക്കിൽ നിർമ്മിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനു പുറമേ 73 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്ന് ചെലവാക്കി പുതിയ ഐ.പി ബ്ലോക്കാണ് ഇനി വരാനുള്ളത്. എട്ട് നിലകളിലുള്ള പുതിയ ഐ.പി ബ്ലോക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. 16,000 ചതുരശ്ര അടിയാണ് ഒരു നില. 700 ബെഡുകളാകും.

 നേട്ടങ്ങൾ

1. മെഡിക്കൽ ഐ.സി.യു 15ൽ നിന്ന് 32 ആക്കിയും ഐ.സി.യു 15ൽ നിന്ന് 22 ആക്കിയും ഉയർത്തി.

2. കാർഡിയോ തൊറാസിക് ശസ്ത്രക്രിയകൾ ആഴ്ചയിൽ മൂന്നെണ്ണമായിരുന്നത് ആറെണ്ണമാക്കി.

3. രണ്ട് കാത്ത് ലാബുകളുണ്ട്. പ്രതിദിനം 20 മുതൽ 30 വരെ ആൻജിയോ പ്ലാസ്റ്റിയാണ് ഇപ്പോൾ നടക്കുന്നത്. 24 മണിക്കൂറും ആൻജിയോ പ്ലാസ്റ്റിക്കുള്ള സൗകര്യവും ഉണ്ട്.

4. ന്യൂറോ ശസ്ത്രക്രിയ വീണ്ടും തുടങ്ങി. മാസം 10-15 ശസ്ത്രക്രിയകൾ. എറണാകുളത്ത് മാത്രമാണ് കുട്ടികളുടെ ശസ്ത്രക്രിയാ വിഭാഗമുള്ളത്. പ്രതിമാസം 20 ശസ്ത്രക്രിയ.

5. 73 ലക്ഷം രൂപ മുടക്കിൽ പ്രസവ മുറിയും 1.9 കോടി മുടക്കിൽ ഒ.പിയും 70ലക്ഷത്തിലേറെ മുടക്കി പഴയ കാത്ത് ലാബും നവീകരിച്ചു.