cost-guard

കൊച്ചി: കടൽക്കൊള്ളക്കാരെ എങ്ങനെ പിടികൂടും? കടലിലെ രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ? തീരസംരക്ഷണ സേനയുടെ സാഹസിക പ്രവ‌ർത്തനങ്ങൾ അവതരിപ്പിച്ച് സേനയുടെ 48-ാം റെയിസിംഗ് ഡേ നടന്നു. ഇന്നലെ ഫോർട്ട്‌കൊച്ചി തീരസംരക്ഷണ സേന ആസ്ഥാനത്തിന് സമീപം ഉൾക്കടലിലാണ് അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്.

ചടങ്ങിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മുഖ്യാതിഥിയായി. കേരളത്തിന്റെയും മാഹിയുടെയും കോസ്റ്റ് ഗാർഡ് കമാൻഡർ ഡി.ഐ.ജി എൻ. രവി ഗവർണറെ സ്വീകരിച്ചു.
കോസ്റ്റ് ഗാൾഡ് കപ്പലുകളായ ഐ.സി.ജി.എസ് സമർഥ്, സാരഥി, സക്ഷം, അർണവേഷ്, അഭിനവ് എന്നിവ അഭ്യാസപ്രകടനത്തിൽ പങ്കാളികളായി. തീര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഫാസ്റ്റ് പട്രോളിംഗ് വെസൽ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ് ഐ.സി.ജി.എസ് അർണവേഷും അഭിനവും. രണ്ട് ഇന്റർസെപ്റ്റർ ബോട്ടുകളും രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും രണ്ട് ഡോണിയർ വിമാനങ്ങളും അഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്തു.
കടൽ കൊള്ളക്കാരുടെ കപ്പലായി എ.ബി. ഊർജ പ്രവാഹ എന്ന ഓക്‌സിലറി ബാർജ് എത്തി. കപ്പലിലുള്ള കടൽകൊള്ളക്കാരെ അതിവേഗം കീഴടക്കുന്നതിന്റെ പ്രദർശവും നടത്തി. കടലിൽ അകപ്പെടുന്നവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതും അവർക്ക് ഭക്ഷണമെത്തിക്കുന്നതുമെല്ലാം സേന അവതരിപ്പിച്ചു. കടലിൽ വിവിധ ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഫയറിംഗും അവതരിപ്പിച്ചു. ഗവർണർക്കൊപ്പം ഗായകൻ ബിജു നാരായണനും ചടങ്ങിൽ പങ്കാളിയായി.

അഭിമാനമെന്ന് ഗവർണർ
ഐ.സി.ജി.എസ് സമർഥ് യുദ്ധകപ്പലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സേന ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. 2023ൽ തീരസംരക്ഷണ സേന 193 പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയതെന്ന് ഗവർണർ പറഞ്ഞു. തീരസംരക്ഷണ സേന രൂപം കൊണ്ട ശേഷം 11, 554 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. സേനയ്ക്ക് 189 കപ്പലുകളും 77 വിമാനങ്ങളുമുണ്ട്. സുരക്ഷയ്ക്ക് പുറമേ സമുദ്ര മലിനീകരണം തടയുന്നതിനും പ്രാധാന്യം നൽകുന്നുണ്ട്. കപ്പലുകളിലെ എണ്ണ കലരുന്നത് മൂലം സമുദ്രത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സേന സജ്ജമാണെന്നും ഗവർണർ പറഞ്ഞു.