
കൊച്ചി: കേരളത്തിലും ഇനി ജില്ല ജഡ്ജി, മുൻസിഫ്, മജിസ്ട്രേട്ട് തുടങ്ങിയ പദവികൾ ഉണ്ടാകില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ഉയർന്ന പദവികൾ സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) എന്നും താഴെയുള്ള പദവികൾ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നും പരിഷ്കരിച്ച് ജുഡിഷ്യൽ സർവീസസ് റൂൾ 1991 ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. രാജ്യത്തെ ജുഡിഷ്യൽ തസ്തികകൾ ഏകീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ മന്ത്രിസഭാ യോഗം ചേർന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ):
ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട്, അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട്, പ്രിൻസിപ്പൽ സബ് ജഡ്ജ്, സബ് ജഡ്ജ്, അഡിഷൽ സബ് ജഡ്ജ്, അസി. സെഷൻസ് ജഡ്ജ്, ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി, ഹൈക്കോടതി ഡെപ്യൂട്ടി ഡയറക്ടർ (ഐ.ടി.), കേരള ജുഡിഷ്യൽ അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഡെപ്യൂട്ടി രജിസ്ട്രാർ, കേരള ലോകായുക്ത രജിസ്ട്രാർ.
സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ):
മുൻസിഫ് - മജിസ്ട്രേട്ട്, പ്രിൻസിപ്പൽ മുൻസിഫ്, അഡിഷണൽ മുൻസിഫ്, ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട്, ഫസ്റ്റ് ക്ളാസ് സ്പെഷ്യൽ ജുഡിഷ്യൽ മജിസ്ട്രേട്ട്, ന്യായാധികാരി, കേരള ജുഡിഷ്യൽ അക്കാഡമി അസി. ഡയറക്ടർ.