mla
വീടുകൾ താക്കോൽ ദാനം മാത്യു കുഴൽനാടൻ എം.എൽ. എ നിർവഹിക്കുന്നു .

മൂവാറ്റുപുഴ : പാതിവഴിയിൽ നിർമാണം നിലച്ച ഏഴു വീടുകൾ പൂർത്തീകരിച്ച് നൽകി മൂവാറ്റുപുഴ എം.എൽ.എ .പെരുമറ്റത്ത് നിർമാണം നിലച്ചു കിടന്ന ഏഴു വീടുകളാണ് മാത്യു കുഴൽ നാടൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ചുനൽകിയത്. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഓർമക്കായി 'ഭാരത് ജോഡോ വില്ലാസ് '. എന്ന നാമകരണം നടത്തിയ വീടുകൾ അർഹർക്ക് കൈമാറി.മുൻ പഞ്ചായത്ത് അംഗവും രാജിവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനുമായിരുന്ന മുഹമ്മദ് താഴത്തെകുടിയുടെ നേത്യത്വത്തിൽ 2018 - ൽ പെരുമറ്റത്ത് തുടക്കമിട്ട ഭവനപദ്ധതി അദ്ദേഹത്തിന്റെ മരണത്തോടെ പാതിവഴിയിൽ നിലച്ചിരുന്നു. പിന്നീട് ഇത് കോൺഗ്രസ് വാർഡ് കമ്മിറ്റികൾ ഏറ്റെടുത്ത് എം.എൽ.എ യുടെസഹായത്തോടെ പൂർത്തിയാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കോൺഗ്രസ് വാർഡ്, ബൂത്ത് കമ്മറ്റികൾ ഫണ്ട് സ്വരൂപിച്ചും ലൈഫ് പദ്ധതിയിൽ നിന്നും കിട്ടിയ ഫണ്ടുകളും ഉപയോഗിച്ചും നിർമാണം നടത്തിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് തുടർന്നതോടെ പണി പൂർത്തിയാക്കാൻ കഴിയാതായതോടെയാണ് എം . എൽ.എ 17 ലക്ഷം രൂപയോളം മുടക്കി 7 വീടുകളുടെ പണി പൂർത്തിയാക്കി​യത്. ഓരോരുത്തർക്കും രണ്ട് നിലകളിൽ 760 സ്‌ക്വയർ ഫീറ്റായിട്ടാണ് ഭവനങ്ങൾ പണിപൂർത്തീകരിച്ചത്. പെരുമറ്റത്തു നടന്ന ചടങ്ങിൽ മാത്യു കുഴൽ നാടൻ എം.എൽ.എ വീടുകളുടെ താക്കോൽ കൈമാറി.നിർമാണകമ്മിറ്റി ചെയർമാൻ അഷ്റഫ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. പെരുമറ്റം ജുമാ മസ്ജിദ് ഇമാം ഹസൻ അഷ്‌റഫി അനുഗ്രഹ പ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ .എം . സലിം മുഖ്യപ്രഭാഷണം നടത്തി.