കൊച്ചി: കുടിവെള്ളമില്ലെങ്കിലും ബില്ലടയ്ക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽനിന്ന് എഴുതിവാങ്ങിയ വാട്ടർ അതോറിട്ടിയുടെ നടപടി അധാർമ്മികമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി വിധി. കൃത്യമായി ബിൽ അടച്ചിട്ടും വെള്ളം നല്കാത്തതിന് 65,000രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഡി.ബി. ബിനു പ്രസിഡന്റും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിർദ്ദേശിച്ചു.
മരട് സ്വദേശിനി ഡോ. മറിയാമ്മ അനിൽകുമാർ സമർപ്പിച്ച പരാതിയിൽ വാട്ടർ അതോറിട്ടി തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർക്കാണ് കോടതി നിർദ്ദേശം നല്കിയത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 50മുതൽ 100ലിറ്റർ വെള്ളംവരെയാണ് ഒരാളുടെപ്രതിദിന ജലഉപഭോഗം. എന്നാൽ 2018 മേയ് മുതൽ 2019 ജനുവരി വരെയുള്ള എട്ടുമാസം 26 യൂണിറ്റ് വെള്ളമാണ് വാട്ടർ അതോറിട്ടി പരാതിക്കാരിക്ക് നല്കിയത്. കുടിവെള്ളം ലഭ്യമാക്കുന്നത് പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.