കൊച്ചി: പി. ആൻഡ് ടി കോളനിക്കാർക്ക് ഇനി പേരണ്ടൂർ കനാലിൽ നിന്ന് ഉയർന്നുവരുന്ന വെള്ളക്കെട്ടിനേയും മലിനജലത്തെയും ഭയപ്പെടേണ്ട. മുണ്ടംവേലിയിലെ ഫ്ലാറ്റിൽ സമാധാനമായി കഴിയാം. ജി.സി.ഡി.എയുടെ സഹകരണത്തോടെ പൂർത്തിയാക്കിയ ഫ്ലാറ്റിന്റെ താക്കോൽദാനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. നിർമ്മാണം പൂർത്തിയായിട്ടും കൂടുതൽ അവകാശികൾ എത്തിയതിനാൽ താക്കോൽദാനം അനിശ്ചിതത്വത്തിലായിരുന്നു.
മൂന്ന് വർഷം മുമ്പ് ഇപ്പോഴത്തെ ഭരണസമിതി അധികാരം ഏല്ക്കുമ്പോൾ അനിശ്ചിതത്വത്തിലായിരുന്ന നിർമ്മാണമാണ് ജി.സി.ഡി. എയുടെ സഹകരണത്തോടെ പൂർത്തികരിച്ചത്. അംഗീകരിക്കപ്പെട്ട ലിസ്റ്റിലെ മാറ്റങ്ങൾ പ്രധാന മാറ്റങ്ങളാണ് പുനരധിവാസം വൈകിപ്പിച്ചത്.
സിറ്റി പ്രോജക്ട് ഓഫീസർ ഡോ. ചിത്രയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ അർഹരായ 77 പേരുടെ ലിസ്റ്റ് കൗൺസിൽ ഐകകണ്ഠ്യേന പാസാക്കി. അർഹരായ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി. ഇനിയുള്ള അഞ്ചുപേരുടെ കാര്യം അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനിക്കും.
മുണ്ടംവേലിയിലെ ജി.സി.ഡി.എ വിട്ട് നൽകിയ സ്ഥലത്ത് പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച ഫ്‌ളാറ്റുകളിലാണ് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത്.
86 യൂണിറ്റുകളിലായി 83 വ്യക്തിഗത അപ്പാർട്ട്‌മെന്റുകളും 3 പൊതുസൗകര്യങ്ങളും അടങ്ങുന്നതാണ് ഫ്‌ളാറ്റ് . 375 സ്‌ക്വയർ ഫീറ്റിലായി 2 കിടപ്പ് മുറികൾ, ലിവിംഗ് റൂം, ഡൈനിംഗ് റൂം, അടുക്കള, ടോയ്‌ലറ്റ് എന്നിവയാണ് അപ്പാർട്ട്‌മെന്റിലുളളത്. സംസ്ഥാന സർക്കാറിന്റെ ലൈഫ് പദ്ധതിയിൽ രാമേശ്വരം വില്ലേജിലെ മുണ്ടംവേലിയിൽ ജി.സി.ഡി.എ യുടെ 70 സെന്റ് ഭൂമിയിലാണ് ഫ്‌ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. കെട്ടിടം സ്ഥിതി ചെയ്യുന്ന വാർഡ് കൗൺസിലർ അദ്ധ്യക്ഷനായി 77 താമസക്കാർ ഉൾപ്പെട്ട റെസിഡന്റ്‌സ് അസോസിയേഷൻ രൂപീകരിച്ച് അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളായിരിക്കും ഫ്ലാറ്റിന്റെ നടത്തിപ്പ് ചുമതല.
2023 സ്റ്റെപംബർ 2 ന് ആണ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഫ്‌ളാറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മേയർ പങ്കെടുത്തു.
77 കുടുംബങ്ങളെ മുഴുവൻ വെള്ളക്കെട്ടിൽ നിന്നും അഴുക്ക് ചാലിൽ നിന്നും കൂടുതൽ സൗകര്യപ്രദമായ ഫ്‌ളാറ്റിലേക്ക് പുനരധിവസിപ്പിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. തുടർന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു
എം. അനിൽകുമാർമേയർ