കൊച്ചി: കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേചാലിയെ മർദിച്ച കേസിൽ
ആരോപണവിധേയർക്കും സർക്കാരടക്കം എതിർകക്ഷികൾക്കും ഹൈക്കോടതിയുടെ നോട്ടീസ്.
കഴിഞ്ഞ ഡിസംബർ 10ന് കോതമംഗലത്ത് നവകേരള സദസിന് മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അലിക്ക് മർദ്ദനമേറ്റത്. ഡി.വൈ.എഫ്.ഐ ഭാരവാഹികളായ നാല് പേർ ചേർന്ന് ഇരുമലപ്പടി പെട്രോൾപമ്പിൽവച്ച് ആക്രമിച്ചെന്നാണ് പരാതി. എസ്.പി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഹർജിയിൽ പറയുന്നു.
ഹർജി പരിഗണിച്ച ജസ്റ്റിസ് വി. രാജ വിജയരാഘവൻ ആരോപണവിധേയരായ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറി അസൈനാർ നെടുപ്പാറച്ചാലിൽ തുടങ്ങിയവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. പ്രദേശത്ത് ക്രമസമാധാനപാലനം ഉറപ്പുവരുത്തണമെന്ന് കോതമംഗലം പൊലീസിന് നിർദ്ദേശവും നൽകി. ഹർജി ഫെബ്രുവരി ഒമ്പതിന് പരിഗണിക്കാൻ മാറ്റി.