* 7 പ്രതികൾക്ക് 12വർഷം തടവ്

അങ്കമാലി: 225 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാംപ്രതി പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ അനസിനെ (41) 36വർഷം കഠിനതടവിനും മൂന്നുലക്ഷംരൂപ പിഴയടയ്ക്കാനും വിധിച്ചു. രണ്ടും മൂന്നും പ്രതികളായ ചേലാമറ്റം കുന്നക്കാട്ടുമല പടിപ്പുരക്കൽവീട്ടിൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻവീട്ടിൽ വർഷ (22) എന്നിവർക്ക് 12വർഷം തടവും ഒരുലക്ഷംരൂപ പിഴയും വിധിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് ആൻഡ് ജില്ലാ കോടതിയുടേതാണ് വിധി.

ആലപ്പുഴ കൊട്ടക്കാട്ടുശേരി മുനീർമൻസിലിൽ മുനീർ (30), അടൂർ വടക്കേടത്തുകാവ് ഷമീർ മൻസിലിൽ ഷമീർ (31), വെങ്ങോല കണ്ടന്തറ പുളിക്കക്കുടി അബു താഹിർ (31), ആന്ധ്രാ സ്വദേശി ബലോർദ ബോഞ്ചു ബാബു (34), പെരുമ്പാവൂർ കാഞ്ഞിരക്കാട് ചെന്താരയിൽ മുഹമ്മദ് ഫറൂക്ക് (25) എന്നിവരെ 12 വർഷത്തെ തടവിനും ശിക്ഷിച്ചു.

2021 നവംബർ 8ന് രണ്ട് കാറുകളിലായി കടത്തിയ കഞ്ചാവ് അങ്കമാലിക്ക് സമീപം കറുകുറ്റിയിൽനിന്നാണ് പിടികൂടിയത്. ഒരുവാഹനത്തിൽ 25കിലോയും അടുത്ത വാഹനത്തിൽ 100 പൊതികളിലായി 200കിലോയുമാണ് കഞ്ചാവ് ഉണ്ടായിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് വാഹനം സാഹസികമായി പിന്തുടർന്നാണ് കഞ്ചാവ് പിടികൂടിയത്. ഡിവൈ.എസ്.പിമാരായ സക്കറിയാ മാത്യു, പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.