കൊച്ചി: മൂക്കന്നൂർ കൂട്ടക്കൊലക്കേസ് പ്രതി ബാബു തന്റെ സഹോദരനും കുടുംബത്തിനും മരത്തിന്റെ വിലപോലും കല്പിച്ചില്ലെന്ന് കോടതി. ബാബുവിന് വധശിക്ഷ നല്കിക്കൊണ്ടുള്ള ഉത്തരവിലാണ് അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടെ പരാമർശം. തറവാട്ടുവക മൂന്ന് സെന്റ് സ്ഥലത്ത് നില്‌ക്കുന്ന പ്ലാവുകൾ മുറിക്കുന്നതിലാണ് തർക്കമുണ്ടായത്. മനുഷ്യബന്ധങ്ങൾക്ക് ഇത്രപോലും പരിഗണന നല്കാതെ മ്ലേഛവും വന്യവുമായാണ് പ്രതി കൃത്യം നിർവഹിച്ചത്.
വെട്ടുകത്തിയുമായെത്തിയ ബാബുവിനോട് സ്മിത 'കൊല്ലല്ലേ പാപ്പായി..." എന്ന് കേണപേക്ഷിച്ചിരുന്നു. എന്നാൽ സ്മിതയുടെ നിലവിളി ബധിരകർണങ്ങളിലാണ് പതിച്ചത്. മക്കളുടെ മുന്നിൽവച്ച് ക്രൂരമായ ആക്രമണമാണ് യുവതി നേരിടേണ്ടി വന്നത്. 35 മുറിവുകളുമായാണ് സ്മിത മരിച്ചത്. ഇതിൽ 33 എണ്ണം മാരകമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ 61 സാക്ഷികളെ വിസ്‌തരിച്ചു. 102 രേഖകളും 43 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി എ. ബിന്ദുവും അഡ്വ. സരുൺ മാങ്കറയും ഹാജരായി. അങ്കമാലി പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന മുഹമ്മദ് റിയാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.