padam

കൊച്ചി: ജമ്മുകാശ്മീർ വേദിയായ 72-ാമത് ഇന്ത്യൻ പൊലീസ് ഹോക്കി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരള പൊലീസിന് തകർപ്പൻ ജയം. ആർ.പി.എഫിനെ എതിരില്ലാതെ അഞ്ച് ഗോളുകൾക്ക് തറപറ്റിച്ചു. കേരളാ പൊലീസിനായി ഹരിദാസ് രണ്ടും പ്രവീൺ, ശ്രീലാൽ, മിഥുൻ എന്നിവർ ഓരോ ഗോളുകളും നേടി. ചാമ്പ്യൻഷിപ്പിൽ കേരള പൊലീസിനെ ഉൾപ്പെടുത്തിയശേഷമുള്ള ടീമിന്റെ ആദ്യ ജയമാണിത്.

കരുത്തരായ ആർ.പി.എഫിനെതിരെ മത്സരത്തിന്റെ തുടക്കം മുതൽ കരുത്തുകാട്ടിയ കേരളാ പൊലീസ് തിരുവനന്തപുരം സിറ്റി എ.ആർ. ക്യാമ്പിലെ പ്രണീലൂടെ സ്‌കോർ ബോർഡ് തുറന്നു. പിന്നാലെ ശ്രീലാലും മിഥുനും ലക്ഷ്യംകണ്ടു. പാലക്കാട് പാടഗിരി സ്റ്റേഷനിലെ സി.പി.ഒ ഹരിദാസ് രണ്ട് ഗോളുകൾകൂടി സ്വന്തമാക്കിയതോടെ ആർ.പി.എഫ് തോൽവി ഉറപ്പിച്ചു. തിരിച്ചടിക്ക് ശ്രമിച്ചെങ്കിൽ കേരളം നീക്കങ്ങളെല്ലാം സമർദ്ധമായി തടുത്തു. കോവളം എസ്.എച്ച്.ഒ എസ്. ബിജോയിയാണ് നായകൻ. കരുത്തരായ സി.ആർ.പി.എഫാണ് അടുത്ത എതിരാളികൾ.


നിലവിൽ കേരള പൊലീസിലേക്ക് ഹോക്കിക്ക് പ്രത്യേക റിക്രൂട്ട്‌മെന്റില്ല. വിവിധ ബറ്റാലിയനിൽ നിന്നും ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ചുരുങ്ങിയ സമയത്തിനകം ട്രയൽസ് നടത്തിയാണ് ടീമിനെ സജ്ജമാക്കിയത്. കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയത്തിലായിരുന്നു പരിശീലനം. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ ഷാജിയാണ് പരിശീലകൻ. കെ.പി.എ 3 അസി കമാൻഡന്റ് സ്റ്റാർമോൻ പിള്ളയാണ് മാനേജർ.