കൊച്ചി: ഗ്രാമജീവിതത്തിന്റെ നിഷ്‌കളങ്കതയിൽ ജീവിച്ച കുട്ടികൾക്ക് സൗജന്യ വിമാനയാത്രയൊരുക്കി പുത്തൻകുരിശ് എം.ജി.എം ഹൈസ്‌കൂൾ. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ വിമാനയാത്രയ്ക്കുള്ള സൗകര്യമൊരുക്കുന്നതിന്റെ ആദ്യഘട്ടമായി പത്താംക്ലാസിലെ 47 കുട്ടികളെയാണ് ചൊവ്വാഴ്ച ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. മൂന്ന് പി.ടി.എ അംഗങ്ങളും അദ്ധ്യാപകരും ഉൾപ്പെടെ 56 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
പുലർച്ചെ 3.30ഓടെ പുത്തൻകുരിശ് സ്‌കൂളിൽനിന്ന് രണ്ടു ബസുകളിലായി നെടുമ്പാശേരിയിലെത്തിയ സംഘം ഏഴുമണിക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് പുറപ്പെട്ടത്. ബംഗളൂരു വിമാനത്താവളത്തിന് പുറത്തും രണ്ട് ബസുകൾ സജ്ജമാക്കിയിരുന്നു. ബൊട്ടാണിക്കൽ ഗാർഡൻ, നാഷണൽ പാർക്ക്, നിയമസഭാ മന്ദിരം, ഹൈക്കോടതി, വിശ്വേശ്വരയ്യ മ്യൂസിയം എന്നിവ സന്ദർശിച്ച് ഇൻഡിഗോ വിമാനത്തിൽത്തന്നെ മടങ്ങി.
* സ്കൂളിലെ എല്ലാ കുട്ടികൾക്കും സൗജന്യയാത്ര
ഭക്ഷണം, ഫ്ളൈറ്റ്, ബസ്ചാർജ് ഉൾപ്പെട മുഴുവൻ തുകയും സ്‌കൂൾ മാനേജ്‌മെന്റാണ് ചെലവാക്കിയത്. ആളൊന്നിന് 10300 രൂപയായിരുന്നു ചെലവ്. സ്‌കൂളിലെ 200 കുട്ടികളെയും വിമാനയാത്രയ്ക്ക് കൊണ്ടുപോകുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ശേഷമാകും മറ്റുള്ള കുട്ടികളുമായുള്ള യാത്ര.
* വഴിതെളിച്ചത് എം.എൽ.എ
കഴിഞ്ഞവർഷം ഏപിൽ 11ന് നടന്ന പഠനോത്സവത്തിൽവച്ച് പി.വി. ശ്രീനിജിൻ എം.എൽ.എ സാധാരണക്കാരായ കുട്ടികൾക്ക് ഇത്തരം യാത്രകൾ അസാദ്ധ്യമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്‌കൂൾ മാനേജർ സജി.കെ. ഏലിയാസ് അത് ഏറ്റെടുക്കുകയും ചെലവ് മാനേജ്മെന്റ് വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ആ വാക്കാണ് ഇന്നലെ യാഥാർത്ഥ്യമായത്.
* വിദ്യാർത്ഥി സൗഹൃദമീ വിദ്യാലയം
മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗ്, രണ്ടുജോഡി യൂണിഫോം എന്നിവ ഇവിടെ സൗജന്യമാണ്. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
പ്ലാറ്റിനം ജൂബിലിയിൽ പുതിയമന്ദിരം
75 വർഷം പൂർത്തിയാക്കുന്ന സ്‌കൂളിന്റെ പുതിയ ബഹുനിലമന്ദിരം മാർച്ചിൽ ഉദ്ഘാടനം ചെയ്യും. ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കും കമ്പ്യൂട്ടർലാബും കോൺഫറൻസ് ഹാളും വരുന്നതോടെ സ്‌കൂളിന്റെ മുഖച്ഛായ മാറും.
വിദ്യാർത്ഥികൾക്ക് നൽകിയ വാക്ക് പാലിക്കാനായതിൽ വലിയ സന്തോഷം.
സജി.കെ. ഏലിയാസ്,
സ്‌കൂൾ മാനേജർ