കൊച്ചി: സ്വർണക്കടത്ത് കേസിൽ കോടതി വിട്ടയച്ചിട്ടും ഇന്ത്യയിൽ കഴിയുന്ന അയർലാൻഡ് സ്വദേശിക്ക് ഗുരുതരാവസ്ഥയിലുള്ള മാതാവിനെ കാണാൻ ഹൈക്കോടതി അനുമതി നൽകി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായിരുന്ന എഡ്വിൻ ആൻഡ്രൂ മിനിഹനാണ് നാട്ടിലേക്ക് മടങ്ങാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അനുമതി നൽകിയത്.
എഡ്വിനെ മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കുകയും ഇത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വദേശത്തേക്ക് മടങ്ങാൻ ഫോറിനേഴ്‌സ് റീജനൽ രജിസ്‌ട്രേഷൻ ഓഫീസ് എക്‌സിറ്റ് പെർമിറ്റ് നിഷേധിക്കുകയായിരുന്നു. തുടർന്നാണ് രോഗബാധിതയായ മാതാവിനെ കാണാൻ നാട്ടിൽ പോകാനായി കോടതിയെ സമീപിച്ചത്. കസ്റ്റംസ് കേസിൽ ഇയാളെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകുന്നുണ്ടെന്നും നാട്ടിലേക്ക് വിട്ടാൽ കേസിൽ ഇയാളുടെ സാന്നിദ്ധ്യം ഉറപ്പാക്കാനാവില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ ഹർജി നൽകാൻ ഉദ്ദേശിക്കുന്നതിന്റെ പേരിൽ വിട്ടയക്കാനാവില്ലെന്ന വാദം നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ നിയമനടപടികൾ നടക്കുന്നതിനിടെ ഇയാൾ രണ്ടുതവണ വിദേശത്തേക്കുപോയി മടങ്ങിയെത്തിയതാണെന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ യാത്രയ്ക്ക് അനുമതി നിഷേധിച്ചാൽ ചിലപ്പോൾ വൈകിപ്പോവുമെന്നും കോടതി വ്യക്തമാക്കി.
നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് പിടിയിലായ എഡ്വിനെ 2019 മാർച്ചിലാണ് അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കുറ്റവിമുക്തനാക്കിയത്. ഇതിനെതിരായ അപ്പീൽ ഹൈക്കോടതി കഴിഞ്ഞ ഡിസംബറിലാണ് തള്ളിയത്. പാസ്‌പോർട്ട് തിരിച്ചുനൽകാനുള്ള മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതും തള്ളിയിരുന്നു.