
ശ്രീനാരായണ ഗുരുദേവന്റെ പേരിൽ ഒരു സർവകലാശാലാ കേരളത്തിൽ മൂന്നുവർഷം മുമ്പ് പിറവി കൊണ്ടപ്പോൾ അഭിമാനിച്ചവരാണ് നാമെല്ലാവരും. ദൗർഭാഗ്യവശാൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ബാലാരിഷ്ടതകളാൽ വലയുകയാണ്. കേരളത്തിലെ മറ്റെല്ലാ സർവകലാശാലകളിലും ബിരുദ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരുമ്പോൾ വിദൂരവിദ്യാഭ്യാസം നൽകുന്ന ഈ സർവകലാശാലയിൽ കുട്ടികളുടെ എണ്ണം കൂടുകയാണ്.
ആദ്യവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഡ്മിഷന് 13,000ൽ പരം വിദ്യാർത്ഥികളാണ് പ്രവേശനംനേടിയത്. ഇതോടെ വിദ്യാർത്ഥികളുടെ എണ്ണം 20000 കഴിഞ്ഞു. ഈ വർഷം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. പരമ്പരാഗതമായ റഗുലർ കോഴ്‌സുകളേക്കാൾ വിദൂരവിദ്യാഭ്യാസത്തിന്‌കേരളത്തിൽ വലിയ സാദ്ധ്യതയുണ്ടെന്നും പുതിയ തലമുറ നൂതനമായ പഠനരീതികളിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. കേന്ദ്ര വിദൂരവിദ്യാഭ്യാസ സർവകലാശാലയായ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഓരോ വർഷവും കേരളത്തിൽ നിന്ന് ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. അവിടെയും രജിസ്‌ട്രേഷൻ വർഷംതോറും കൂടുകയാണ്. ശ്രീനാരായണ സർവകലാശാലയെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോയാൽ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് അഭിമാന സ്ഥാപനങ്ങളിലൊന്നാകും. പക്ഷേ അതിന് അടിസ്ഥാന സൗകര്യങ്ങളും മികച്ച നേതൃത്വവും ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളുംവേണം. നമ്മുടെ വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്പെട്ട വഴിത്തിരിവായി മാറാനുള്ള സാദ്ധ്യത ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് ഉണ്ടെന്നത് ഉറപ്പാണ്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2020 ഒക്ടോബർ രണ്ടിനാണ് കേരളത്തിലെ 15-ാമത്തെ സർവകലാശാലയായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. കൊല്ലം കുരീപ്പുഴയിലാണ് ആസ്ഥാനം. ഇവിടെയും തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലെയും മേഖലാകേന്ദ്രങ്ങളിലൂടെയാണ് സർവകലാശാലായുടെ പ്രവർത്തനം. കേരളത്തിലെ വിവിധ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസം ഒറ്റ സർവകലാശാലയ്ക്ക് കീഴിലാക്കുന്നതിന് വേണ്ടി രൂപം കൊണ്ട സർവകലാശാലയിൽ 12 ബിരുദകോഴ്‌സുകളും 10 ബിരുദാനന്തര ബിരുദകോഴ്‌സുകളും ഇപ്പോഴുണ്ട്. ഭാഷാ കോഴ്‌സുകൾ ഒഴികെ മറ്റു കോഴ്‌സുകളുടെ പരീക്ഷകൾ മലയാളത്തിൽ എഴുതാമെന്ന പ്രത്യേകതയും ഉണ്ട്. ശ്രീനാരായണ ഗുരുദേവ പഠനം കേന്ദ്രീകരിച്ച് ബി.എ., എം.എ. ഫിലോസഫി കോഴ്‌സുകളും ഉണ്ടെന്നതാണ് ഗുരുവും സർവകലാശാലയും തമ്മിലുള്ള പ്രധാനബന്ധം. സർവകലാശാല ലോഗോയിൽ ഏറെ വിവാദങ്ങൾക്ക് ശേഷം ഗുരുവിന്റെ രേഖാചിത്രം കൂടി ഉൾപ്പെടുത്തി എന്ന കാര്യവും പറയാതിരിക്കാനാവില്ല.
വാടക കെട്ടിടത്തിലാണ് സർവകലാശാലയുടെ ആസ്ഥാനം പ്രവർത്തനം തുടങ്ങിയത്. മേഖലാകേന്ദ്രങ്ങൾ വിവിധ സർക്കാർ കോളേജുകളിലുമായിരുന്നു. സർവ്വകലാശാലയ്ക്ക് മൂന്നുവർഷവും ഫണ്ട് നൽകുന്നതിൽ സർക്കാർ ഒരു വീഴ്ചയും കാണിച്ചിട്ടില്ല. പക്ഷേ സ്വന്തം ആസ്ഥാനമന്ദിരം സ്ഥാപിക്കാൻ കാര്യമായ ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. സർവ്വകലാശാല സ്വയംഭരണ സ്ഥാപനമാകയാൽ സർക്കാരിന് നേരിട്ട് സ്ഥലം ഏറ്റെടുക്കാനാവില്ല. സർവകലാശാലാ അധികാരികൾ തന്നെ അതിന് മുന്നിട്ടിറങ്ങണം. നടപടികളുടെ ആദ്യഘട്ടം തുടങ്ങിയെങ്കിലും അത് ഇതുവരെയും എങ്ങും എത്തിയിട്ടില്ല. സർവകലാശാലകളുടെ മികവിന്റെ അളവുകോലായി കണക്കാക്കുന്ന നാക് അക്രഡിറ്റേഷന് സ്വന്തം കാമ്പസുകളും ആസ്ഥാനവും നിർബന്ധമാണ്. ഇവയില്ലാത്തതിനാൽ ഇക്കാര്യങ്ങൾ ഇപ്പോൾ ചിന്തിക്കാനാവില്ല.
മേഖലാകേന്ദ്രങ്ങളിൽ പട്ടാമ്പിയിലുംകോഴിക്കോടും ഡയറക്ടർമാർ ഇല്ലാതായിട്ട് മാസങ്ങളായി. കൊല്ലത്തെ ആസ്ഥാനത്തും സർക്കാർകോളേജുകളിലെ പരിമിതമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന നാലുമേഖലാകേന്ദ്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ല. കരാർ, ഡെപ്യൂട്ടേഷൻ ജീവനക്കാരാണ് സർവകലാശാലയെ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്വന്തം സ്ഥിരം ജീവനക്കാരുടെ അഭാവം വലിയ കുറവുതന്നെയാണ്. വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതിനാൽ അവരുടെ കാര്യങ്ങൾ നോക്കാൻ കൂടുതൽ ജീവനക്കാർ അനിവാര്യമാണ്. വരും വർഷങ്ങളിലും വിദ്യാർത്ഥികൾ കൂടാനാണ് സാദ്ധ്യത. ജോലിഭാരം കാരണം ഡെപ്യൂട്ടേഷനിലുള്ളവർ എങ്ങിനെയും സ്വന്തം ലാവണങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള ശ്രമങ്ങളിലാണ്. പല സർവകലാശാലകളിലും ആവശ്യത്തിലേറെ പോസ്റ്റുകളുണ്ട്. അവിടങ്ങളിൽ വിദ്യാർത്ഥികൾ കുറഞ്ഞും വരികയാണ്. അധികതസ്തികളുള്ള സർവ്വകലാശാലകളിൽ നിന്ന് ആവശ്യത്തിന് തസ്തികകൾ താത്കാലികമായെങ്കിലും ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റിയാൽ അത് സർവകലാശാലയ്ക്കും വിദ്യാർത്ഥികൾക്കും ഏറെ ഗുണകരമാകും.
സംസ്ഥാനത്തെ വിവിധ അഫിലിയേറ്റഡ് കോളേജുകളിലായി 23 പഠനകേന്ദ്രങ്ങൾ ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്കുണ്ട്. ഈ ലേണേഴ്‌സ് സപ്പോർട്ട് സെന്ററുകളിലൂടെയാണ് ഈ ക്ലാസുകളുടെ നടത്തിപ്പ്. സർക്കാർ, എയ്ഡഡ് കോളേജുകളിലെ ഉന്നതയോഗ്യതകളുള്ള അദ്ധ്യാപകരാണ് പ്രധാനമായും കോൺടാക്ട് ക്ലാസുകൾ എടുക്കുന്നത്. ഹിന്ദി, സംസ്‌കൃതം തുടങ്ങി ഏതാനും ഭാഷാകോഴ്‌സുകൾക്ക് ഒഴികെ മറ്റുള്ളവയ്‌ക്കെല്ലാം ആവശ്യത്തിന് വിദ്യാർത്ഥികളുണ്ട്. യു.ജി.സി. നിബന്ധനകൾക്കും നിയമസഭ പാസാക്കിയ ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ആക്ടിനും വിരുദ്ധമായി മറ്റ് സർവ്വകലാശാലകൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയെ ബാധിച്ചേക്കുമെന്ന് ആശങ്കയും ഉയർന്നിട്ടുണ്ട്. വീട്ടമ്മമാർക്കും വിദ്യാഭ്യാസം മുടങ്ങിയവർക്കും ജോലി ചെയ്യുന്നവർക്കും നാമമാത്രമായ ചെലവിൽ യു.ജി.സി. അംഗീകൃതമായ ഉന്നതവിദ്യാഭ്യാസം നേടാനുള്ള ലളിതമായ അവസരമാണ് ഈ സർവകലാശാല ഒരുക്കുന്നത്. വേണമെങ്കിൽ ഒരേസമയം രണ്ട് ബിരുദകോഴ്‌സുകൾ പഠിക്കാമെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനം വഹിച്ച, ജനകോടികൾ ദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെപേരിൽ തുടക്കം കുറിച്ച ഈ മഹാസ്ഥാപനത്തെ രാജ്യത്തിന് തന്നെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാനുള്ള കടമ സംസ്ഥാനസർക്കാരിനുണ്ട്. സർവകലാശാലയുടെ പ്രവർത്തനം മന്ദീഭവിക്കുന്നത് മലയാളികൾക്കും കേരളത്തിനും അപമാനകരമാണ്. സംസ്ഥാന സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല സാരഥികളും ഇക്കാര്യം വളരെ ഗൗരവമായി കണക്കിലെടുക്കണം. എത്രയും വേഗം സ്വന്തം ആസ്ഥാനം ഉൾപ്പടെ സർവ്വകലാശാലയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകണം.