f

മാവേലി സ്റ്റോറുകൾ പുതുതായി തുടങ്ങുന്നതിനു പകരം 500 സൂപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കാനുള്ള ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പിന്റെ തീരുമാനം സ്വാഗതാർഹം തന്നെ. എന്നാൽ പൊതു വിപണിയിലിടപെടുകയെന്ന ലക്ഷ്യത്തോടെ ഇവതുടങ്ങുമ്പോൾ ജനങ്ങൾക്കാവശ്യമായ സാധനങ്ങൾ കൂടി ലഭ്യമാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.സപ്ളൈകോയുടെ കീഴിൽ ഇപ്പോൾത്തന്നെ 581 സൂപ്പർ മാർക്കറ്റുകളുണ്ട്. പുതിയ 500 എണ്ണം കൂടി വരുമ്പോൾ അവ ആയിരത്തിലധികമാകും. സപ്ളൈകോ ഷോറൂമുകളിൽ

സബ്സിഡി സാധനങ്ങളുടെ ദൗർലഭ്യത്തെച്ചൊല്ലി അടിക്കടി പരാതികൾ ഉയർന്നിരുന്നു. ഷോറൂമുകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന വ്യാപാരികളുടെ കുടിശിക കൃത്യമായി നൽകാത്തതിനാൽ പലരും പിൻവാങ്ങിയതോടെ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്.

പ്രശ്നം ഭക്ഷ്യവകുപ്പിന്റേതല്ലെങ്കിലും ഖജനാവിൽ നിന്ന് ധനവകുപ്പ് പണം അനുവദിക്കാത്തതാണ് തലവേദന സൃഷ്ടിച്ചത്. വിപണി ഇടപെടലിന് സർക്കാരിൽ നിന്ന് കിട്ടാനുള്ള 1525 കോടി രൂപയിൽ പകുതി കിട്ടിയാൽ ഒരളവോളം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. 750 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. സൂപ്പർ മാർക്കറ്റിൽ സബ്സിഡി സാധനങ്ങൾ മാത്രമല്ല പലവ്യഞ്ജനങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളുമടക്കം ലഭിക്കുമെന്നാണ് അറിയുന്നത്. അപ്പോൾ സാധനങ്ങളുടെ വൈവിദ്ധ്യവും ആവശ്യമായ സ്റ്റോക്കും

ഓരോ സൂപ്പർ മാർക്കറ്റിലും അത്യന്താപേക്ഷിതമാണ്.

സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ശീലം ജനങ്ങൾക്കിടയിൽ വ്യാപകമായതോടെയാണ് ഭക്ഷ്യവകുപ്പും ആ വഴിക്കു നീങ്ങാൻ തീരുമാനിച്ചത്. സൂപ്പർ മാർക്കറ്റുകൾക്കപ്പുറം വലിയ മാളുകളും പ്രധാന നഗരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നതിനപ്പുറം വിനോദത്തിനായി തിയറ്ററുകളും ഫുഡ് കോർട്ടുകളുമൊക്കെ വലിയ തോതിൽ ജനങ്ങളെ ആകർഷിക്കുന്നകാഴ്ച മാളുകളിൽ പ്രകടമാണ്. വളർന്നുവരുന്ന ഈ സംസ്ക്കാരത്തിലേക്കാണ് സൂപ്പർ മാർക്കറ്റുകളുടെ എണ്ണം വ്യാപിപ്പിക്കാൻ ഭക്ഷ്യവകുപ്പ് മുന്നോട്ടു വരുന്നത്. അതിനാൽത്തന്നെ ഉപഭോക്താക്കളെ അവിടേക്കു നയിക്കുന്ന എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കും. ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടയാണ് സൂപ്പർ മാർക്കറ്റിന് ആവശ്യമുള്ള കെട്ടിടങ്ങൾ സജ്ജമാക്കുക.സ്വകാര്യ സൂപ്പർ മാർക്കറ്റുകളുടെ മാതൃകയിൽ പർച്ചേസിംഗ് കാർഡുകൾ പുറത്തിറക്കാനും ആലോചനയുണ്ട്. റേഷൻ കടകളെ നവീകരിച്ച് കെ.സ്റ്റോറുകളാക്കുന്ന പദ്ധതിക്കു ഭക്ഷ്യവകുപ്പ് തുടക്കമിട്ടിരുന്നു. ഏതാനും എണ്ണം തുടങ്ങിയെന്നല്ലാതെ ആയിരം

കെസ്റ്റോറുകൾ എന്ന പ്രഖ്യാപനം ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല. സൂപ്പർ മാർക്കറ്റുകളുടെ ഗതി ആ വഴിക്കാവരുത്. വിപണി വിലയുടെ 25 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ സബ്സിഡി സാധനങ്ങൾ സൂപ്പർ മാർക്കറ്റുകളിലൂടെ

വിൽക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.സപ്ളൈകോയുടെ അവസ്ഥ പഠിച്ച്

റിപ്പോർട്ട് നൽകിയ സംസ്ഥാന ആസൂത്രണ കമ്മിഷൻ അംഗം ഡോ.രവിരാമൻ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നത്.സബ്സിഡി നിരക്കുകളിൽ ഭേദഗതി വേണമെന്ന ശുപാർശയും ഈ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. വിപണിയിൽ വിലക്കയറ്റം അനുദിനം വർദ്ധിക്കുമ്പോൾ സാധാരണക്കാരന്

ആശ്വാസമായി മാറാൻ സപ്ളൈകോ സൂപ്പർ മാർക്കറ്റുകൾക്ക് കഴി‌ഞ്ഞാൽ അതായിരിക്കും

ജനകീയത വർദ്ധിപ്പിക്കുക. ഏവർക്കും സ്വീകാര്യനായ പൊതുപ്രവർത്തകൻ കൂടിയായ

മന്ത്രി ജി.ആർ.അനിൽ ആ നിലയ്ക്ക് കാര്യങ്ങൾ നീക്കുമെന്ന് കരുതാം. തന്റെ വകുപ്പിൽ

നൂതനമായ പല പദ്ധതികളും ആവിഷ്ക്കരിച്ചു വിജയിപ്പിച്ചിട്ടുള്ള മന്ത്രി അനിലിന് ഈ പരിഷ്ക്കാരവും ജനകീയമാക്കാൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.