
കൊല്ലത്ത് ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അരങ്ങുകളിലേക്കായിരിക്കും മലയാളികളുടെ കണ്ണും കാതും
ഇനി അഞ്ചു നാൾതുറന്നിരിക്കുക. 24 വേദികളിൽ 239 ഇനങ്ങളിലായി 14000 പ്രതിഭകൾ അണിനിരക്കുന്ന 62-ാമത് സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ ദേശിങ്ങനാടിന്റെ പെരുമ തലയിൽ ചൂടുന്ന കൊല്ലത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ജേതാക്കൾ ശിരസ്സിലേറുന്ന കലയുടെ കനകകിരീടം കലോൽത്സവ നഗരിയിലെത്തിക്കഴിഞ്ഞു. ആട്ടവും പാട്ടും മേളപ്പെരുക്കങ്ങളും ,സാഹിത്യ സഞ്ചാരങ്ങളും കൊണ്ട് അരങ്ങുകളെ ഉണർത്താനുള്ള പ്രതിഭകളും നഗരത്തിലെത്തി. ചരിത്ര പ്രസിദ്ധമായ ആശ്രാമം മൈതാനിയിലെ കമനീയ വേദിയിൽ ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിക്കുന്നതോടെ കേരളീയ കലകളുടെ വസന്തം കൊല്ലത്തിനു സ്വന്തമാകും.
കലയുടെയും സാഹിത്യത്തിന്റെയും അനുഗ്രഹവർഷം കൊണ്ട് ധന്യരായ കൗമാരക്കാരാണ് കലോത്സവ വേദികളിൽ മാറ്റുരയ്ക്കുന്നത്.കേവലം വാക്കുകൾ കൊണ്ടോ,ചില പ്രയോഗങ്ങൾ കൊണ്ടോ അറിയാൻ കഴിയാത്ത അനുഭവങ്ങളുടെ മായിക ലോകത്തേക്കാണ് എല്ലാ കലകളും മനുഷ്യരെ കൂട്ടിക്കൊണ്ടുപോകുന്നത്. അവിടെ ജീവിതത്തിന്റെ നന്മയുടേയും വിശുദ്ധിയുടേയും അപര സ്നേഹത്തിന്റേയും മൂല്യ വിചാരങ്ങളുടെ നിറങ്ങളും നിനവുകളുമാണ് നമ്മെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നത്.അതുവഴി നാം കൂടുതൽ വിമലീകരിക്കപ്പെടുകയും നന്മകൾ പൂത്തുലയുന്ന സഞ്ചാരവഴികളിലേക്ക് ആനയിക്കപ്പെടുകയുമായിരിക്കും ചെയ്യുക.
ഇത്ര ഉദാത്തമായ കലയുടെ വഴികളിൽ കിടമത്സരങ്ങളുടെ കലാപങ്ങളോ, കാലുഷ്യങ്ങളോ
ഉണ്ടാവാൻ പാടില്ല. കലയുടേയും സാഹിത്യത്തിന്റേയും അഭൗമലോകങ്ങൾ മാനവികതയുടെ മഹാഗോപുരങ്ങൾ പടുത്തുയർത്തുകയാണ് വേണ്ടത്.പോയ കാല കലോത്സവ വേദികളിൽ പലയിടങ്ങളിലും കുട്ടികളുടെ സർഗാത്മക മത്സരങ്ങളുടെ പിന്നാമ്പുറങ്ങളിൽ രക്ഷിതാക്കളും പരിശീലകരും ചിലപ്പോഴൊക്കെ ചില അദ്ധ്യാപകരും അനാവശ്യമായ കലഹങ്ങൾ സൃഷ്ടിച്ച അനുഭവങ്ങളുണ്ട്. ചില അവസരങ്ങളിൽ കൈയ്യാങ്കളിയുടെ വക്കോളമെത്തുന്ന കലഹക്കാഴ്ചകൾക്കും ഈ വേദികൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. തന്റെ മക്കളോ ശിഷ്യരോ മാത്രം സമ്മാനം കരസ്ഥമാക്കിയാൽ മതിയെന്ന സ്വാർത്ഥ ചിന്തയിൽ നിന്നുടലെടുക്കുന്ന ഈ വികാരം കലോത്സവ വേദിയിലേക്ക് പകരാൻ ആരും ശ്രമിക്കരുത്.കുട്ടികൾ പൂക്കളെപ്പോലെ നിഷ്കളങ്കരും പ്രകൃതിയുടെ വരദാനങ്ങളുമാണ്. അവരുടെ പ്രതിഭയ്ക്കും ഒരുതരം ദിവ്യത്വമുണ്ട്.അതവർ സ്വമേധയാ തന്നെ പ്രകടിപ്പിക്കട്ടെ. ജയപരാജയങ്ങൾക്കുമപ്പുറം എല്ലാ കലാകാരൻമാരും കലാകാരികളും കറകളഞ്ഞ പ്രതിഭാവിലാസത്തിന്റെ വർണപ്പീലികൾ വിടർത്തട്ടെ.മുതിർന്നവർ കിടമത്സരം കൊണ്ട് കുട്ടികളുടെ മനസിനേയും ചിന്തയേയും മലിനപ്പെടുത്താതിരിക്കട്ടെ.വേദികളുടെ അകവും പുറവും കുട്ടികളുടെ ഭാവന ചിറകുവിടർത്താനുള്ള ഇടങ്ങളായി മാറട്ടെ.
ഏഷ്യാവൻകരയിലെ ഏറ്റവും വലിയ കലോത്സവമെന്ന ഖ്യാതി ഗൃഹാതുരത്വം പോലെ നാം കൊണ്ടു നടക്കുമ്പോഴും കലോത്സവ വേദികളുടെ ചുറ്റുവട്ടങ്ങളിൽ അരങ്ങുവാഴുന്ന മുതിർന്നവരുടെ കലഹങ്ങളാണ് ആ അപൂർവതയുടെ ചാരുതയിൽ പലപ്പോഴും കറുത്ത പാടുകൾ വീഴ്ത്തുന്നത്. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണത്തെ ചൊല്ലി ഉയർത്തിയ അനാവശ്യ വിവാദങ്ങളും ഇനി ഉണ്ടാകരുത്.കലയും സാഹിത്യവും ആട്ടവും പാട്ടും അഭിനയവും ഒക്കെക്കൊണ്ട് നാടിന്റെ ചരിത്ര മുന്നേറ്റത്തിന് നിറപ്പകിട്ടാർന്ന സംഭാവനയേകിയ കൊല്ലത്തെ കലോത്സവം അത്തരത്തിൽ പരാതികളും പരിഭവങ്ങളും ഒഴിഞ്ഞ ഒന്നായി ഇടം പിടിക്കട്ടെ. കലോത്സവ നടത്തിപ്പിന്റെ ചുക്കാൻ പിടിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.കുട്ടികൾക്ക് ഏറെ പ്രിയങ്കരനായ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പൊതുവെ പരാതിരഹിത കലോത്സവമാക്കി മാറ്റാൻ സഹായകമാകട്ടെ. കലോത്സവ വേദികളെ ഉണർത്താനെത്തുന്ന എല്ലാ കൗമാര പ്രതിഭകൾക്കും സ്നേഹാശംസകൾ.