mk

പുതുവർഷത്തിൽ പലതരം പ്രതിജ്ഞകൾ എടുക്കുന്നവരുണ്ട്. പക്ഷെ ഒരാഴ്ച കഴിയുമ്പോഴേക്കും അതൊക്കെ ലംഘിക്കപ്പെടാറാണ് പതിവ്. ഈ ജനുവരി തുടങ്ങിയ വേളയിൽ സുധാമൂർത്തി ഒരു പോസ്റ്റിട്ടു. പ്രായത്തിൽ നാൽപ്പതുകൾ പിന്നിട്ടവർക്ക് അനുകരിക്കാവുന്ന കാര്യങ്ങളാണ് ഉള്ളടക്കം. സുധാമൂർത്തിയെ അറിയില്ലേ ? ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണ മൂർത്തിയുടെ ഭാര്യ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഭാര്യാമാതാവ്. എന്നാൽ അതിലെല്ലാം ഉപരി ഉയർന്ന ചിന്തയും ലളിതമായ ജീവിതശൈലിയുമായി തനത് വ്യക്തിത്വം പുലർത്തുന്ന വനിത. എഴുത്തുകാരി.മോട്ടിവേഷണൽ സ്പീക്കർ അങ്ങനെ പോകുന്നു വിശേഷണങ്ങൾ.ആ പോസ്റ്റിന്റെ ഏകദേശ മലയാളം ഇങ്ങനെ:--

' ശരിക്കും നേരം പുലർന്നതേയുള്ളു. അപ്പോഴേക്കും വൈകുന്നേരമായി.

ശരിക്കും തിങ്കളാഴ്ചയായതേയുള്ളു. എന്നാൽ ഇപ്പോൾ വെള്ളിയാഴ്ചയായിരിക്കുന്നു.

നമ്മൾ ഉൾക്കൊള്ളും മുമ്പേ ഒരു മാസം തന്നെ മാ‌ഞ്ഞു. അങ്ങനെ... അങ്ങനെ ഒരു വർഷം തന്നെ കടന്നുപോയി.

ഇപ്പോൾ നമ്മുടെ പ്രായം നാൽപ്പത് അല്ലെങ്കിൽ അമ്പതോ, അറുപതോ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പൊടുന്നനെ നമ്മൾ തിരിച്ചറിയുന്നു മാതാപിതാക്കൾ, സുഹൃത്തുക്കൾ, വളരെ പ്രിയപ്പെട്ട മറ്റു ചിലർ... ഇവരെയെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന്. ഇനി അവരെല്ലാമുണ്ടായിരുന്ന ആ പഴയ കാലത്തിലേക്ക് തിരിച്ചു പോകാൻ കഴിയില്ലെന്ന യാഥാർത്ഥ്യം നമ്മളെ തുറിച്ചു നോക്കും.

വളരെ വൈകിപ്പോയി എന്നു വരികിലും അവശേഷിക്കുന്ന സമയം ആസ്വദിക്കാൻ നമ്മൾക്ക് ശ്രമിച്ചു കൂടെ.?

നമ്മൾക്കിഷ്ടമുള്ള പ്രവൃത്തികൾ ചെയ്യാൻ ശ്രമിച്ചു കൂടെ... നരച്ച മുടിയിൽ നമ്മൾക്ക് അല്പം നിറം പകരാം (നമ്മൾ കഷണ്ടിയായില്ലെങ്കിൽ). ജീവിതത്തിൽ നിസ്സാരമെന്നു കരുതുന്ന എന്നാൽ നമ്മുടെ ഹൃദയത്തിന് സ്വാന്തനമേകുന്ന കാര്യങ്ങളോട് ഒരു പുഞ്ചിരിയാകാം. എന്തെല്ലാം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാലും നമ്മിൽ അവശേഷിക്കുന്ന സമയത്തെ പ്രശാന്തതയോടെ ആഘോഷമാക്കാം.

ഈ സന്ദേശത്തിന്റെ ഉള്ളടക്കം എന്തെന്നാൽ പിന്നീടെന്ന വാക്ക് നമ്മുടെ ജീവിതത്തിൽ നിന്നുതന്നെ ഉപേക്ഷിക്കുകയെന്നാണ്. പിന്നീടു ചെയ്യാമെന്ന ചിന്തയെ തന്നെ നമ്മൾ ഉന്മൂലനം ചെയ്യണം. ഞാനത് പിന്നീട് ചെയ്തുകൊള്ളാം. പിന്നീട് പറയാം. പിന്നീട് ആലോചിക്കാം. അതെ, എല്ലാം നമ്മൾ പിന്നെ ഒരവസരത്തിലേക്ക് മാറ്റിവയ്ക്കാൻ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരാണ്.

പിന്നീടെന്ന് പറഞ്ഞാൽ കാപ്പി ആറിത്തണുക്കും. പിന്നീടെന്നു പറഞ്ഞാൽ നമ്മുടെ മുൻഗണനാക്രമങ്ങൾ മാറും. ആകർഷണീയത കുറയും. അനന്തരം ആരോഗ്യം ക്ഷയിക്കും. പകൽ രാത്രിയാകും. അതിവേഗം ജീവിതം അവസാനിക്കും. ഒന്നും പിന്നത്തേക്ക് മാറ്റിവയ്ക്കാതിരിക്കുക. ആ ഒറ്റകാര്യത്തിൽ മാത്രം ചിന്തിക്കുന്നത് ഒരുതരം രോഗലക്ഷണമാണ്. അതിൽ നിന്ന് മോചിതരാകുക. അതിലൂടെ നമ്മളുടെ വിലപ്പെട്ട നിമിഷങ്ങൾ നഷ്ടമാകുന്നു. നല്ല അനുഭവങ്ങൾ, നല്ല സൗഹൃദങ്ങൾ, കുടുംബത്തോടൊപ്പമുള്ള നല്ല സമയം എല്ലാമെല്ലാം നഷ്ടപ്പെടുന്നു. ഉണർന്നെണീക്കാൻ സമയമായി. എല്ലാം മാറ്റിവയ്ക്കാനുള്ള ഒരു പ്രായത്തിലല്ല നമ്മുടെ ജീവിതം... ഇത് വായിക്കാനും സമപ്രായക്കാരിൽ ഇഷ്ടമുള്ളവർക്കൊക്കെ അയച്ചുകൊടുക്കാനും സമയമുണ്ടാകുമെന്നു കരുതുന്നു. അതോ ഇതും മാറ്റിവയ്ക്കുമോ? എന്നാൽ ഇത് മാറ്റിവയ്കാനുള്ള സമയം ഈ ജീവിതത്തിൽ ബാക്കിയില്ലെന്നു മാത്രം അറിയുക.' വലിയ പ്രയാസമില്ലാതെ നടപ്പിൽ വരുത്താവുന്ന കാര്യങ്ങളേ സുധാ മൂർത്തി പറഞ്ഞിട്ടുള്ളു.

കൊവിഡിനു ശേഷം മനുഷ്യരുടെ ആരോഗ്യത്തിലും പ്രകൃതത്തിലും വലിയ മാറ്റങ്ങൾ വന്നു. ജീവിതത്തിൽ സമ്പത്തിനേക്കാൾ പ്രധാനം സന്തോഷമായിരിക്കുക എന്നതാണെന്ന് കുറച്ചുപേരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങി. സഹിഷ്ണുത പക്ഷെ കുറയുന്ന കാഴ്ചയും ചുറ്റും കാണുന്നുമുണ്ട്. എല്ലാത്തിനും തല്ല് എന്ന ഒരു സംസ്ക്കാരവും വരുന്നു. എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടം. അതിന്റെ വേഗം കുറയ്ക്കണം. അവിനാഷ് അരുൺ സംവിധാനം ചെയ്ത് ഇപ്പോൾ ഒ.ടി.ടിയിൽ വൻ പ്രതികരണം നേടുന്ന ത്രീ ഒഫ് അസ് എന്ന ഹിന്ദി ചിത്രത്തിൽ ഷെഫാലി ഷാ അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രം പറയുന്നുണ്ട്. ഒന്ന് സ്ളോ ഡൗൺ ചെയ്യാമെന്ന്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ വേഗം കുറയ്ക്കേണ്ട പ്രായമായെന്ന്. ഡിമൻഷ്യ ബാധിച്ച അവർ തന്റെ വേരുകളിലേക്ക് ഭർത്താവുമൊത്ത് യാത്രപോകുന്നതും ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടുന്നതും രോഗത്താൽ മറന്നു പോയേക്കാവുന്ന ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മക്കളുടെ പഠിത്തമാണ് മലയാളിയുടെ പ്രധാന അജണ്ട. മക്കൾക്ക് നല്ല ഭാവി ആഗ്രഹിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ അത് അവരുടെ താത്പര്യങ്ങളെ അടിച്ചമർത്തിയാകരുത്. നമ്മുടെ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനും ഭാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും രണ്ട് മക്കളാണുള്ളത്. രണ്ടുപേരും കലാ രംഗത്താണ്. മകൻ കാർട്ടൂണിംഗിലും മകൾ നാടകം നൃത്ത രംഗത്തും. നല്ല വിദ്യാഭ്യാസം നേടിയ ശേഷം ഇരുവരും അവർക്ക് പ്രിയപ്പെട്ട രംഗത്തേക്ക് മാറുകയായിരുന്നു. അവിടെ അവർ ആനന്ദത്തോടെ പ്രതിഭ തെളിയിക്കുന്നു. സിവിൽ സർവീസിലേക്ക് പോകാൻ നിർബന്ധിക്കാത്തതെന്തെന്ന് ചോദിച്ചവരോട് വേണുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഈ ചെറിയ ജീവിതത്തിൽ കുട്ടികൾ അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്തോട്ടെ...' എല്ലാവർക്കും ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കാനില്ലേ.

ഈ വർഷം പ്രതിജ്ഞയെടുക്കുന്നവർ പ്രധാനമായും സഹിഷ്ണുതയും സൗഹാർദ്ദതയും നിലനിറുത്താനാണ് ശ്രമിക്കേണ്ടത്. കാര്യങ്ങൾ മനസിൽ ഒളിപ്പിച്ച് വീർപ്പുമുട്ടാതെ പറയാനുള്ളത് പറയണം. മറുപക്ഷത്തിന്റെ വികാരം ഉൾക്കൊള്ളണം. വല്ലപ്പോഴും നമ്മുടെ വേരുകളിലേക്ക് യാത്ര പോകണം. ഓർമ്മകളിലൂടെ നടക്കണം.

വിഖ്യാത അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ ' ദി റോഡ് നോട്ട് ടേക്കൺ ' എന്ന കവിതയിൽ പറയുന്നു. (two roads diverged in a yellow wood, i took the one less travelled by and that has made All the difference) മഞ്ഞ മരങ്ങൾക്കിടയിൽ വേർപെട്ടുപോകുന്ന രണ്ട് വഴികൾ. അതിൽ അധികം ആരും സഞ്ചരിക്കാത്ത വഴി ഞാൻ തിരഞ്ഞെടുത്തു. അതെന്റെ ജീവിതം മാറ്റിമറിച്ചു.