
വർഷം15000 കോടി രൂപയുടെ മരുന്ന് വ്യാപാരം നടക്കുന്ന കേരളത്തിൽ മരുന്ന് കമ്പനികൾക്ക് വഴിവിട്ട് പരിഗണന നൽകുന്നവരെ നിയന്ത്രിക്കാൻ സർക്കാർ മുന്നോട്ടു വരേണ്ടതാണ്. സമൂഹത്തിലെ വലിയൊരു വിഭാഗം ഡോക്ടർമാർ ജനസേവകരും കാരുണ്യമുള്ളവരുമായിരിക്കെ ഒരു വിഭാഗം മാത്രമാണ് കച്ചവട കമ്പനികൾക്ക് ഒത്താശ നൽകാൻ മരുന്നുകളുടെ ജനറിക് പേരുകൾ കുറിക്കാതെ ബ്രാൻഡിന്റെ പേര് എഴുതുന്നത്. സാമ്പത്തിക നേട്ടവും മറ്റു ആനുകൂല്യങ്ങളും ലക്ഷ്യമിട്ട് ഇവർ
ചെയ്യുന്ന പ്രവൃത്തിയിലൂടെ പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളാണ് വലയുന്നത്.
ബ്രാൻഡുകൾക്കു പകരം മരുന്നുകളുടെ ജനറിക് പേരുകൾ കുറിക്കണമെന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം വന്നിട്ട് ആറു മാസമായിട്ടും നല്ലൊരു പങ്കും ഇപ്പോഴും ബ്രാൻഡിന്റെ പേരാണ് കുറിക്കുന്നത്. ഇത് പരിശോധിക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പിന് ഇല്ലേയെന്നാണ് ദുരിതം നേരിടുന്ന രോഗികൾ ചോദിക്കുന്നത്. സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ ഡോക്ടർമാർ എഴുതുന്ന ബ്രാൻഡില്ലാത്തതിനാൽ രോഗികൾക്കു ലഭിക്കേണ്ട ആനുകൂല്യം നഷ്ടമാകുമെന്നു മാത്രമല്ല സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വലിയ തുക കൊടുത്ത് മരുന്നു വാങ്ങാൻ കഴിയാതെ ചികിത്സ മുടക്കേണ്ടിയും വരുന്നു. കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ച മുഖ്യവാർത്തയിൽ ഈ വിഷയത്തിന്റെ വിശദാംശങ്ങൾ പ്രതിപാദിച്ചിരുന്നു. ഫാർമസികളിൽ ലഭ്യമായിട്ടുള്ള മരുന്നുകൾ ഗുണനിലവാരം കുറവായതിനാലാണ് ജനറിക് പേര് എഴുതാത്തതെന്ന് പറയുന്ന ഡോക്ടർമാരുമുണ്ട്. അത് ശരിയാണെങ്കിൽ അതീവ ഗൗരവമുള്ളതുംഅടിയന്തര പരിഹാരം കാണേണ്ടതുമായ കാര്യമാണ്. മരുന്നിൽ സെക്കൻഡ്സുണ്ടെങ്കിൽ സർക്കാർ നേരിട്ട് ഇടപെടണം. കാരണം പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമാണ് സർക്കാർ ആശുപത്രികളും ഫാർമസികളും. അവിടെ വന്നു മരുന്നു വാങ്ങുന്നവർക്ക് ഗുണമേന്മ കുറഞ്ഞ മരുന്നുകൾ നൽകി അവരെ ഇഞ്ചിഞ്ചായി കൊല്ലരുത്.
ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നിന്റെ പത്തുശതമാനം വിൽക്കുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതൽ ആന്റിബയോട്ടിക്കുകൾ വിറ്റഴിക്കപ്പെടുന്നതും കേരളത്തിൽത്തന്നെ. കേരളത്തിലെപ്പോലെ ജംഗ്ഷനുകൾ തോറും മെഡിക്കൽ സ്റ്റോറുകളുള്ള സംസ്ഥാനങ്ങളും കുറവാണ്. ആരോഗ്യകാര്യങ്ങളിൽ മലയാളി അതീവ ശ്രദ്ധാലുക്കളാണ്. എന്നാൽ അതൊരു അവസരമായി കണ്ട് മരുന്ന് കച്ചവട ലോബി സംസ്ഥാനത്ത് പിടിമുറുക്കുന്ന കാഴ്ചയാണ് കുറെക്കാലങ്ങളായി കണ്ടു വരുന്നത്. മരുന്ന് പർച്ചേസിലും മറ്റും വൻ കമ്മിഷൻ ലഭിക്കുമെന്നതിനാൽ ഇതുമായി ബന്ധപ്പെട്ട റാക്കറ്റുകളും സജീവമാണ്. പിണറായി മന്ത്രിസഭ അധികാരമേറ്റശേഷം സർക്കാർ ആശുപത്രികളുടെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടുവെന്നത് യാഥാർത്ഥ്യമാണ്.
പക്ഷേ ആശപത്രികളിലെ ഫാർമസികളിൽ മരുന്നുകൾക്ക് ദൗർലഭ്യമുണ്ടാകുന്നുവെന്ന പരാതി അടുത്തിടെയായി ഉയരുന്നുണ്ട്. ആ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം. അതോടൊപ്പം ജനറിക് പേര് എഴുതാത്തവരെ കണ്ടെത്തുകയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും വേണം.
കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യവകുപ്പിന്റെ ചുമതല വഹിച്ച കെ.കെ.ശൈലജയുടെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ മന്ത്രിസഭയിൽ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി വീണാ ജോർജ്ജ് തന്റേതായ ശൈലിയിൽ നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ജനാധിപത്യത്തിൽ വിമർശനങ്ങൾ സ്വാഭാവികമായി ഉണ്ടാകും. എന്നാൽ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ച് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമേകുമ്പോഴാണ് വിമർശനങ്ങളുടെ മുന ഒടിയുന്നത്. മരുന്ന് വിപണിയിൽ സർക്കാർ പരിശോധന കാര്യക്ഷമമാക്കണം. ഗുണനിലവാരം ഉറപ്പാക്കണം. മന്ത്രി തന്നെ മുൻകൈയ്യെടുക്കണം. ഇനിയും വൈകരുത്.