chandi

കോഴിക്കോട്: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണക്കായി പുതുപ്പള്ളി മണ്ഡലം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിക്ക് പ്രമുഖ കൊമേഴ്‌സ് പരിശീലന കേന്ദ്രമായ 'ഇലാൻസ്' പങ്കാളിയാകും.
'ഉമ്മൻചാണ്ടി വിദ്യാജ്യോതി' പദ്ധതിയിലൂടെ പുതുപ്പള്ളി മണ്ഡലത്തിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ കഴിയുന്ന പ്രൊഫഷണലുകളാക്കിമാറ്റാനാണ് ലക്ഷ്യമിടുന്നത്.

കോഴിക്കോട് ആസ്ഥാനമായ പ്രൊഫഷണൽ പരിശീലനകേന്ദ്രമായ ഇലാൻസാണ് ലേണിംഗ് പ്രൊവൈഡറെന്ന് പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുന്ന ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു.
ഹയർസെക്കൻഡറി, പ്ലസ്ടു വിദ്യാർത്ഥികളിൽനിന്ന് തിരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി ആരംഭിക്കുന്ന 'ക്യൂട്ട് കരിയർ ക്ലബ്ബി'ലെ അംഗങ്ങൾക്കാണ് ഓറിയന്റേഷൻ ക്ലാസുകളടക്കമുള്ള പരിശീലനം നൽകുക. ഏപ്രിൽ, മെയ് മാസങ്ങളിലാണ് 'ഇലാൻസി'ലെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിക്കുക.
മണ്ഡലത്തിൽ നിന്നും പരമാവധി വിദ്യാർത്ഥികളെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തിക്കുന്ന ഈ പദ്ധതിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് 'ഇലാൻസ്' സി.ഇ.ഒ ജിഷ്ണു പറഞ്ഞു.