തിരുവനന്തപുരം.ദേവസ്വം ബോർഡ് ജംഗ്ഷനു സമീപം നിർമ്മലാഭവൻ സ്കൂളിനെതിരെയുള്ള ഹൗസിംഗ് ബോർഡിന്റെ ക്വാർട്ടേഴ്സിൽ ഇന്നലെ മുഖ്യമന്ത്രിയടക്കം സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം എത്തി.എ.കെ.ജി സെന്റർ ജീവനക്കാരനായിരുന്ന ഒ.ജി എന്ന് എല്ലാവരും വിളിക്കുന്ന ഒ.ഗോപിനാഥന്. അന്തിമോപചാരം അർപ്പിക്കാനായിരുന്നു അത് . തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിൽ കയറിച്ചെല്ലുമ്പോൾ കുറെക്കാലം മുമ്പു വരെ ഈ മനുഷ്യനെ കാണാമായിരുന്നു. റിസപ്‌ഷൻ ടേബിളിനു പിന്നിലിരിക്കുന്ന അദ്ദേഹത്തെ ശ്രദ്ധിക്കാതിരിക്കാനാവില്ല . ഒറ്റനോട്ടത്തിൽ ഗൗരവക്കാരനാണെന്ന് തോന്നും. അടുത്തു പരിചയപ്പെട്ടാലാകട്ടെ ചിരകാല സുഹൃത്തിനെപ്പോലെയാകും പെരുമാറ്റം. ഇടയ്ക്കിടെ വിളിച്ച് ക്ഷേമാന്വേഷണം നടത്തും. എ.കെ.ജി സെന്ററിലിരിക്കുന്നയാളെന്ന നിലയിൽ പാർട്ടിക്കാര്യങ്ങളുടെ പൊട്ടും പൊടിയും അറിയാമെന്ന് കരുതിയാൽ തെറ്റി. ഒരക്ഷരം പറയില്ല. കൊവിഡ് കാലത്തോടെ എ.കെ.ജി സെന്ററിലേക്ക് പതിവായുള്ള വരവ് നിന്നു.

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു.വിമൻസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഭാര്യ കോമളകുമാരിക്കും ഇളയ മകനുമൊപ്പമായിരുന്നു താമസം. ഒ.ജിയെ വളരെ അടുപ്പമുള്ളവർ ഗോപിച്ചേട്ടനെന്നും വിളിക്കും. ഇന്നലെ ഈ ക്വാർട്ടേഴ്സിൽഅന്ത്യാഞ്ജലി അർപ്പിക്കാൻ എസ്.ആർ.പി തുടങ്ങിയ നേതാക്കളും സി.പി.എമ്മിന്റെ മന്ത്രിമാരും വന്നു.പാർടിയുടെ നേതൃത്വത്തിൽ ശാന്തികവാടത്തിൽ വൈകിട്ടായിരുന്നു സംസ്ക്കാരം. കേരളത്തിലെ അദ്ധ്യാപക സംഘടനാ പ്രസ്ഥാനത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ ഗോപിനാഥൻ സമുന്നതരായ പാർട്ടി നേതാക്കളുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. എം.എൻ.ഗോവിന്ദൻ നായർ മുതൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ആ സ്നേഹസൗഹൃദങ്ങളുടെ പട്ടികയിൽ വരും.ഭാര്യ കമലയോടൊപ്പമാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. ഒ.ജി. മാവേലിക്കര സ്വദേശിയാണ്. എസ്.എം.വി സ്കൂളിൽ നിന്ന് മാത്‌സ് അദ്ധ്യാപകനായി 1989 ൽ റിട്ടയർ ചെയ്തു. 1990 ൽ ചേർന്ന ഇ.എം.എസ് പങ്കെടുത്ത പൂർണ സെക്രട്ടേറിയറ്റ് യോഗമാണ് ഗോപിനാഥനെ എ.കെ.ജി.സെന്ററിലെത്തിച്ചത്.