തിരുവനന്തപുരം. പബ്ളിക് ലൈബ്രററി ഞായറാഴ്ചകളിൽ മുഴുവൻ സമയവും പ്രവർത്തിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.ഇപ്പോൾ ഞായർ ദിവസങ്ങളിൽ ഉച്ചവരെ മാത്രമെ ലൈബ്രററി പ്രവർത്തിക്കുന്നുള്ളു.ഇതിനു പകരം മറ്റൊരു ദിവസം അവധി

നൽകുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.ഫിൽക്കാ ഫിലിം സൊസൈറ്റിയുടെ

ആഭിമുഖ്യത്തിൽ പബ്ളിക് ലൈബ്രററി ഹാളിൽ നടന്ന തർക്കോവ്സ്ക്കി ചിത്രങ്ങളുടെ പ്രദർശനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ പബ്ളിക് ലൈബ്രററി ഇപ്പോൾ പൊതു ജനങ്ങളുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്.ഫിലിം സൊസൈറ്റികളുമായി സഹകരിച്ച് ലൈബ്രററി ഹാളിൽ ചലച്ചിത്ര പ്രദർശനം നടത്തുന്നത് നല്ല കാര്യമാണ്. ലൈബ്രറേറിയൻ പി.കെ.ശോഭനയെ അടൂർ പ്രത്യേകം അഭിനന്ദിച്ചു.ലൈബ്രററി ഹാളിൽ കയറാൻ ലിഫ്റ്റ് വയ്ക്കണമെന്നും അടൂർ പറഞ്ഞു. ചടങ്ങിൽ തലസ്ഥാനത്തെ ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തകൻ ജോർജ് മാത്യുവിനെ ഫിൽക്ക ആദരിച്ചു.അടൂർ പൊന്നാടയണിയിച്ചു. ഫിൽക്ക പ്രസിഡന്റ് ഡോ.രാധാകൃഷ്ണൻ, സെക്രട്ടറി സാബു ശങ്കർ, ലൈബ്രറേറിയൻ പി.കെ.ശോഭന, ചലച്ചിത്ര നടി അപർണ ,ജോർജ്മാത്യു തുടങ്ങിയവർ സംസാരിച്ചു.