ഇടുക്കി: ഏത് പ്രളയത്തെയും തോൽപ്പിക്കാൻ കരുത്തുമായി പുതിയ ചെറുതോണി പാലവും പച്ചപ്പട്ട് വിരിച്ച തേയില തോട്ടങ്ങൾക്കിടയിലൂടെ കറുത്ത വര തീർത്തത് പോലുള്ള മനോഹര കാഴ്ച സൃഷ്ടിക്കുന്ന ഗ്യാപ്പ് റോഡും ഇന്ന് നാടിന് സമർപ്പിക്കുകയാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ദേശീയപാത- 85 മൂന്നാർ- ബോഡിമെട്ട് റോഡിന്റെയും ചെറുതോണി പാലത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കും. മൂന്നാർ ടാറ്റാ ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പിയടക്കമുള്ള ജനപ്രതിനിധികളും ദേശിയപാത വിഭാഗം ഉദ്യോഗസ്ഥരും പ്രമുഖവ്യക്തികളും പങ്കെടുക്കും.

കരുത്തിന്റെ പ്രതീകം

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ച മലയാളികളുടെ പ്രതീകമാണ് ചെറുതോണി പഴയ പാലം. 26 വർഷങ്ങൾക്ക് ശേഷം 2018 ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് 12.30ന് ഇടുക്കി ഡാം ഡാം തുറന്നപ്പോഴുണ്ടായ കുത്തൊഴുക്കിൽ അപ്രോച്ച് റോഡുകളെല്ലാം തകർന്നിട്ടും പാലം തകരാതെ ചെറുതോണി പുഴയ്ക്ക് മുകളിൽ തലയുയർത്തി തന്നെ നിന്നു. സെക്കൻഡിൽ 16 ദശലക്ഷം ലിറ്റർ വെള്ളമാണ് പുഴയിലൂടെ ഇരച്ചെത്തിയത്. വീട്ടിയും തേക്കുമുൾപ്പെടെയുള്ള കൂറ്റൻ മരങ്ങൾ വന്നിടിച്ചിട്ടും പാലം കുലുങ്ങിയില്ല. പാലത്തിന് മുമ്പിലുണ്ടായിരുന്ന ചെക്ഡാമിന്റെ ഒരു ഭാഗം കുത്തൊഴുക്കിൽ തകർന്നു വന്ന് പാലത്തിന്റെ തൂണിൽ ആഞ്ഞിടിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഇടുക്കി ആർച്ച് ഡാമിന്റെ നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി 1960 കളിൽ കനേഡിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹിന്ദുസ്ഥാൻ കമ്പനി നിർമിച്ച പാലമാണിത്. 46.2 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള സബ് മെഴ്‌സിബിൾ ബ്രിഡ്ജായ ചെറുതോണി പാലത്തിനു മുകളിൽ ഒരു മീറ്റർ ഉയരത്തിൽ വെള്ളം കയറിയാലും കുഴപ്പമില്ലെന്നായിരുന്നു എൻജിനീയർമാരുടെ നിഗമനം. എന്നാൽ പാലത്തിന് മൂന്നു മീറ്റർ ഉയരത്തിലാണ് വെള്ളം ഒഴുകിയിട്ടും ഒന്നും സംഭവിച്ചില്ല.

ചരിത്ര പാത

1924ലെ പ്രളയത്തിൽ മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മോണോ റെയിൽ സംവിധാനം തകർന്നതിനെ തുടർന്ന് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചപ്പോൾ റെയിലിന് ബദലായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ദേവികുളം ഗ്യാപ്പ് റോഡ്. അതീവപരിസ്ഥിതി ദുർബലമായ പ്രദേശത്ത് തീർത്തും പ്രകൃതിസൗഹൃദമായിട്ടായിരുന്നു നിർമ്മാണം. ലോക്ഹാർട്ട് ഗ്യാപ്പെന്നും ഇവിടം അറിയപ്പെടുന്നു. ഇത് പിന്നീട് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായി. മൂന്നാറിൽ നിന്ന് 14 കിലോമീറ്ററാണ് ഗ്യാപ്പിലേക്കുള്ള ദൂരം. ഇവിടെ ചില ഭാഗത്ത് റോഡിന് വീതി തീരെ കുറവായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2017 ആഗസ്റ്റിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡ് വീതി കൂട്ടാൻ ആരംഭിച്ചു. 2017ൽ നിർമ്മാണം ആരംഭിച്ച ശേഷം ഒരു ഡസനിലേറെ തവണയാണ് ഇവിടെ വലിയ മലയിടിച്ചിലുണ്ടായത്. 2019 ഒക്ടോബർ എട്ടിനും 11നുമുണ്ടായ ഇടിച്ചിലുകളായിരുന്നു ഇവയിൽ ഭീകരം. 11നുണ്ടായ മലയിടിച്ചിലിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിയ്ക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തിരുന്നു. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളുമടക്കം നിരവധി വാഹനങ്ങൾ അന്ന് തകർന്നിരുന്നു. മലയടിവാരത്ത് ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു.

ജില്ലാ ആസ്ഥാനത്തിന്റെ തിലകക്കുറി

പ്രളയത്തെയും പ്രകൃതിദുരന്തത്തെയും അതിജീവിക്കാനുള്ള ആധുനിക രൂപകൽപനയും മികച്ച നിർമാണ സംവിധാനവുമാണു പുതിയ ചെറുതോണിപ്പാലത്തിന്റെ പ്രത്യേകത. 40 മീറ്റർ ഉയരത്തിൽ 3 സ്പാനുകളിലായി നിർമിച്ച പാലത്തിനു 120 മീറ്റർ നീളമുണ്ട്. വീതി ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്റർ. ക്രാഷ് ബാരിയറുകളും കൈവരികളും പ്രത്യേകതയാണ്.

ഇനി ഗ്യാപ്പില്ലാത്ത കാഴ്ചകൾ

ചിന്നക്കനാലിൽ നിന്ന് പിടികൂടിയ അരിക്കൊമ്പനെയും കയറ്റി പോയ വാഹനവ്യൂഹത്തിന്റെ യാത്ര ചാനലുകളിൽ തത്സമയം കണ്ടവർ തേയിലക്കാടുകൾക്കിടയിലെ ഹെയർ പിൻവളവുകളുള്ള മനോഹരമായ റോഡ് ശ്രദ്ധിച്ചിട്ടുണ്ടാകും. കാെച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡാണിത്. ഈ റോഡിൽ മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലാണ് കാഴ്ചകൾക്ക് ഒരു ഗ്യാപ്പും നൽകാത്ത ഗ്യാപ് റോഡ് ഭാഗം. മലയെടുത്തു മടിയിൽ വച്ച മേഘങ്ങളാണ് മുഖ്യ ആകർഷണം. മേഘത്തുണ്ടുകൾക്കിടയിലൂടെയുള്ള മുട്ടുകാട് പാടശേഖരത്തിന്റെ വിദൂരദൃശ്യം പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്. തെളിഞ്ഞ ആകാശമാണെങ്കിൽ ഹൈറേഞ്ചിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇവിടെ നിന്നാൽ കാണാം. ചാെക്രമുടി മലയുടെ കീഴിലാണ് ഗ്യാപ് റോഡ്.