തൊടുപുഴ: ഒരു രൂപ പോലും മുടക്കാതെ എത്ര കാര്യക്ഷമതയോടെയാണ് എം.വി.ഐ.പി തങ്ങളുടെ കനാലുകളിൽ വനം തീർക്കുന്നതെന്ന് വനംവകുപ്പ് കണ്ടുപഠിക്കണം. കിലോമീറ്ററുകൾ നീളമുള്ള കനാലുകൾക്കുള്ളിൽ, വിവിധ തരത്തിലുള്ള സസ്യലതാദികൾ മുതൽ വൻ വൃക്ഷങ്ങൾ വരെയുണ്ട്. കനാലിലൂടെ ജലമൊഴുക്കി വിടുന്നത് തന്നെ ഈ മരങ്ങൾ വളർത്താനാണെന്ന് ജനങ്ങൾ സംശയിച്ചാലും തെറ്റുപറയാനാകില്ല. അത്ര പരിതാപകരമാണ് കനാലിന്റെ സ്ഥിതി. വൻ മരങ്ങൾ വളർന്ന് കാടുമൂടാത്ത ഒരു പ്രദേശം പോലും വലതുകരയിലെ ഇടതുകരയിലോ ഇല്ല. വർഷങ്ങളായി ആൾതാമസമില്ലാതെ കിടന്ന പുരയിടം പോലെ തോന്നും കണ്ടാൽ. ശരിക്കും ആരുംതിരിഞ്ഞു നോക്കാനില്ലാത്ത നാഥനില്ലാ കളരിയായി മാറി എം.വി.ഐ.പി കനാലുകൾ. അല്ലെങ്കിൽ ഇതുപോലെ വൻ മരങ്ങളുടെ വേരുകളടക്കം കനാലിനുള്ളിൽ ആഴ്ന്നിറങ്ങി കോൺക്രീറ്റടക്കം പൊട്ടിപൊളിഞ്ഞിട്ടും ഒന്നും ചെയ്യാതെ കണ്ടില്ലെന്ന് നടിക്കാൻ ആർക്ക് കഴിയും. കാടുപോലെ വളർന്ന മരങ്ങൾ ഏറെക്കുറെ കനാൽ മൂടിക്കഴിഞ്ഞു. ഇതിനിടയിൽ ഇഴജന്തുക്കളും ധാരാളമാണ്. മാസങ്ങൾക്ക് മുമ്പ് ഇടതുകര കനാലിന്റെ സമീപത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരെയും ഇത് ഭീതിയിലാക്കിയിട്ടുണ്ട്. മാത്രമല്ല ഭൂരിഭാഗം സ്ഥലങ്ങളിലും കാടുകൾ കനാൽ ബണ്ട് റോഡിലേക്കും പടർന്ന് കയറിയിട്ടുണ്ട്. വർഷാവർഷം കൃത്യമായി കനാൽ വൃത്തിയാക്കിയാൽ ഈ അവസ്ഥ വരില്ലായിരുന്നു. ചെറുതെങ്കിലും എം.വി.ഐ.പി എല്ലാ വർഷവും കനാൽ വൃത്തിയാക്കാൻ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും അത് ഏത് 'കനാലിലാണ് " ചെലവഴിക്കുന്നതെന്ന് മാത്രം ആർക്കും അറിയില്ല. ഇതുകൂടാതെ സ്വകാര്യ വ്യക്തികൾ കനാലിന്റെ വശങ്ങൾ കൈയേറി പുൽകൃഷി, വാഴ, പച്ചക്കറി കൃഷി എന്നിവയും ചെയ്യുന്നുണ്ട്. വളർന്ന് പടർന്ന് നിൽക്കുന്ന കാടുകൾക്കുള്ളിലേക്ക് ആളുകൾ ഭക്ഷണാവശിഷ്ടങ്ങളടക്കം മാലിന്യങ്ങളും വലിച്ചെറിയുന്നതും പതിവാണ്. കനാലിൽ മാലിന്യങ്ങളും മരങ്ങളും നിറഞ്ഞതോടെ പലയിടത്തും നീരൊഴുക്ക് തീരെ ഇല്ലാതായിട്ടുണ്ട്. കനാൽ തുറന്ന് വിട്ടിട്ടും എറണാകുളം, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളം കാര്യമായി എത്തുന്നില്ലെന്ന പരാതിയുണ്ട്. ഇത് കുടിവെള്ള ക്ഷാമം പലയിടത്തും രൂക്ഷമാക്കി. ഇലകളും മറ്റും വീണടിഞ്ഞു നീരൊഴുക്ക് തടസപ്പെട്ടതോടെ കൊതുകുകളുടെയും ഈച്ചകളുടെയും പ്രജനന കേന്ദ്രവുമാണ് ഇപ്പോൾ കനാലുകൾ.
നടക്കുന്നത് ഫണ്ട് 'വെട്ടൽ"
മുമ്പ് എല്ലാ വർഷവും വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി കൃത്യമായി കാടുവെട്ടിതെളിച്ച് എം.വി.ഐ.പിയുടെ നേതൃത്വത്തിൽ കനാൽ വൃത്തിയാക്കുമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ഈ ജോലികൾ ചെയ്തിരുന്നത്. മുറിച്ചുമാറ്റുന്ന കാടും മാലിന്യങ്ങളുമെല്ലാം കനാലിനരികിൽ തന്നെ ഇടുമെന്ന ആക്ഷേപമുണ്ടെങ്കിലും തങ്ങളുടെ ജോലി ഇവർ കൃത്യമായി ചെയ്യുമായിരുന്നു. എന്നാൽ ഉത്പാദനക്ഷമമായ പ്രവർത്തികളെ ഏറ്റെടുക്കാവൂവെന്ന് നിർദേശമുള്ളതിനാൽ ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ വൃത്തിയാക്കൽ ജോലികൾ ഏറ്റെടുക്കാറില്ല. പകരം കരാറുകാരെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. കരാറുകാർ തോന്നിയപോലെ എവിടെയെങ്കിലും നാല് പള്ള വെട്ടി മാറ്റിയ ശേഷം ഫണ്ട് വാങ്ങിയെടുക്കുകയാണ് ചെയ്യുന്നത്. ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്നറിയാൻ എം.വി.ഐ.പി അധികൃതരാരും ഇവിടേക്ക് എത്തിനോക്കാറുപോലുമില്ല. ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ഫണ്ട് അടിച്ചുമാറ്റാനുള്ള ജോലികൾ മാത്രമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
എന്നാൽ ഇത്തവണ സംസ്ഥാന സർക്കാർ ഫണ്ട് നൽകാത്തതിനാൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഈ പ്രവർത്തനം പോലും നടത്തിയില്ല. പാലം, റോഡ്, കനാൽ തുടങ്ങിയവുടെ തകരാർ എന്നിവ പരിഹരിക്കാനും ഈ വർഷം ഫണ്ട് ലഭിച്ചിട്ടില്ല.