തൊടുപുഴ: കൂടുതൽ അറിവും കഴിവും നേടി പുതുതലമുറ മെച്ചപ്പെട്ട നിലയിലേക്ക് വളർന്നുവരണമെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ആവശ്യപ്പെട്ടു. ഇടുക്കി നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവ ചേർന്ന് കോലാനി ജനരഞ്ജിനി വായനശാലയുടെയും കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെയും സഹകരണത്തോടെ കോലാനി ആർ.പി.എസ് ഹാളിൽ സംഘടിപ്പിച്ച ഏകദിന വ്യക്തിത്വവികസന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ. വാർഡ് കൗൺസിലർ കവിത വേണു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.ജി. ഹരിദാസ് (വ്യക്തിത്വ വികസനം) ആർ. അനിൽകുമാർ (മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം), നിമ്മി ജയിംസ് (ആരോഗ്യം, ആഹാരരീതി, പകർച്ച വ്യാധികൾ, എയ്ഡ്‌സ്), മുഹമ്മദ് റിയാസ് (മദ്യം, മയക്കുമരുന്ന് വിപത്ത്) എന്നിവർ ക്ലാസുകൾ നയിച്ചു. ഓപ്പൺ ഫോറവും കലാപരിപാടികളും ക്യാമ്പിനെ സജീവമാക്കി. ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ സമാപനസമ്മേളനം ഉൽഘാടനം ചെയ്തു. സ്വന്തം കഴിവും ശേഷിയും താത്പര്യവുമനുസരിച്ച് പുതുതലമുറ ഭാവിയെ കരുപ്പിടിപ്പിക്കണമെന്ന് സബ് കളക്ടർ ക്യാമ്പംഗങ്ങളെ ഉത്ബോധിപ്പിച്ചു. ജില്ലാ യൂത്ത് ക്ലബ്ബ് പ്രസിഡന്റ് ഷെൽബിൻ ജോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും ജനരഞ്ജിനി വായനശാല സെക്രട്ടറി കെ.ബി. സുരേന്ദ്രനാഥ് നന്ദിയും പറഞ്ഞു. ജലജ ശശി, സേതുലക്ഷി, അഡ്വ. ജ്യോതി ആർ., ആദർശ് വി.ആർ തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. തുടർപരിപാടിയെന്ന നിലയിൽ ഏകദിന പരിസ്ഥിതി പഠനയാത്ര സംഘടിപ്പിക്കാനും ക്യാമ്പ് തീരുമാനിച്ചു.