
തൊടുപുഴ: കേരള നിയമസഭാ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമത്തിൽ ഗവർണർ ഒപ്പ് വയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി 9ന് പതിനായിരം പേരെ അണിനിരത്തി രാജ്ഭവൻ മാർച്ച് നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് പാളയത്ത് നിന്നും രാജ്ഭവനിലേക്ക് പ്രകടനവും നടത്തും. പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തും. എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ഇ.പി.ജയരാജൻ, ജോസ് കെ.മാണി, പി.സി.ചാക്കോ, മാത്യു ടി.തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം.ജെ.ജോസഫ്, വർഗീസ് ജോർജ് തുടങ്ങിയവർ സംസാരിക്കും. സമര സന്ദേശം പ്രചരിപ്പിക്കുന്നതിന് അഞ്ചു മുതൽ ഏഴുവരെ തീയതികളിൽ ഇടുക്കി ജില്ലയിലെ 52 പഞ്ചായത്ത് കേന്ദ്രങ്ങളിലും രണ്ടു മുൻസിപ്പൽ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബറിൽ 240.48 കോടി നേടി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഡിസംബറിൽ മികച്ച വരുമാനം. 31 ദിവസത്തെ വരുമാനമായി 240.48 കോടി രൂപ ലഭിച്ചു. ശബരിമല ബസുകളിൽ നിന്നുള്ള വരുമാനമാണ് നേട്ടമായത്. 240 കോടി രൂപയാണ് ഇത്തവണ ലക്ഷ്യമിട്ടിരുന്നത്. 48.97 ലക്ഷം രൂപയാണ് അധികം ലഭിച്ചത്.
പ്രതിദിന ശരാശരി വരുമാനം 7.75 കോടി രൂപയാണ്. എട്ടുകോടി രൂപയാണ് ലക്ഷ്യമിടുന്നത്. ശരാശരി പ്രതിമാസ വരുമാനം 220 കോടി രൂപയിൽ താഴെയാണ്. ഡിസംബറിൽ ദക്ഷിണമേഖലയിൽ നിന്നും 107.07 കോടി രൂപയും, മദ്ധ്യമേഖലയിൽ നിന്നും 79.19 കോടി രൂപയും ഉത്തരമേഖലയിൽ നിന്നും 54.21 കോടി രൂപയും നേടി. ഡിസംബറിലെ ശമ്പളം ജനുവരി അഞ്ചിനുള്ളിൽ കൊടുക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഡിസംബറിൽ പൂർണ ശമ്പളം കൊടുക്കാറുണ്ട്. ശബരിമല തീർത്ഥാടകരിൽ നിന്നുള്ള വരുമാനമാണ് ഇതിന് സഹായിക്കുന്നത്. ഇത്തവണയും സാമ്പത്തിക സഹായത്തിന് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ശമ്പള വിതരണം എന്നുണ്ടാകുമെന്ന കാര്യം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.
പുഞ്ച കൃഷി
സബ്സിഡിക്ക്
10 കോടി
തിരുവനന്തപുരം: പുഞ്ച കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സബ്സിഡി നൽകുന്നതിന് 10 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ കർഷകർക്ക് ഹെക്ടറിന് 5,500 രൂപാ വീതമാണ് സബ്സിഡി. ബഡ്ജറ്റ് വിഹിതമായ 15.78 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.